ചെറുവത്തൂർ: അൻപത്തിരണ്ടാമത് കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 22, 23 തീയ്യതികളിൽ കുട്ടമത്ത് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നാലായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ചെലവു ചുരുക്കലിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് മാത്രമായി മത്സരങ്ങൾ ചുരുക്കിയിട്ടുണ്ട്. 162 അപ്പീലുകൾ ലഭിച്ചതിൽ 44 എണ്ണത്തിന് അനുമതി നൽകിയിട്ടുണ്ട്. രചന മത്സരത്തിൽ ആറു അപ്പീലുകളും ഉണ്ട്. ഒന്നാം ദിവസം 9 വേദികളിലായി 80 ഇനങ്ങളും രണ്ടാം ദിവസം 9 വേദികളിലായി 81 ഇനങ്ങളും നടക്കും.
ബാന്റ് മേളങ്ങൾ 21 നു രാവിലെ 10 മണിക്ക് കുട്ടമത്ത് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.സ്കൂൾ ഗേറ്റിന്റെ പുറത്ത് റോഡിന്റെ വലതുഭാഗത്ത് ഭക്ഷണശാലയും ഇടതു ഭാഗത്ത് വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി ലളിതമായ രീതിയിൽ മെച്ചപ്പെട്ട ഭക്ഷണം നൽകുവാനാണ് സംഘാടക സമിതിയുടെ തീരുമാനം. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്ലാസ്റ്റിക് രഹിത മേളയായിരിക്കും കലോത്സവം.