തൃക്കരിപ്പൂർ: കാലിക്കടവ് മുതൽ ഒളവറ വരെയായുള്ള 11 കിലോമീറ്റർ റോഡിൽ മെക്കാഡം ടാറിംഗ് പ്രവർത്തിയുടെ കാലാവധി തീരാറായിട്ടും പകുതിക്ക് വെച്ച് നിർത്തിയതിൽ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുന്നു. ഒരു ലെയർ കൂടി ബാക്കിയായിട്ടും പ്രവർത്തി പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കാത്തതിനാലാണ് ജനങ്ങളിൽ മുറുമുറുപ്പ് ഉയരുന്നത്.
2018 സെപ്റ്റംബർ മാസത്തിൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ എങ്കിലും മൂന്നുമാസം കൂടി നീട്ടിക്കിട്ടണമെന്ന കരാറുകാരന്റെ ആവശ്യം അംഗീകരിക്കുകയും അതുപ്രകാരം ഡിസംബർ 30 വരെ കാലാവധി നീട്ടിക്കൊടുത്തെങ്കിലും പ്രവർത്തി അനിശ്ചിതമായി നിർത്തിവെച്ച അവസ്ഥയാണ്.
കാലവർഷത്തിന്റെ പേരുപറഞ്ഞ് നിർത്തിവെച്ച നിർമ്മാണം മഴ മാറിയിട്ട് മാസങ്ങളായിട്ടും പുനഃരാരംഭിക്കാത്തതാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്. മാണിയാട്ട് അടക്കം രണ്ടു സ്ഥലങ്ങളിൽ ഓവുചാൽ പണിയാൻ ബാക്കിയുണ്ട്. അതോടൊപ്പം നിലവിലുള്ള ടാറിംഗിന്റെ മുകളിൽ ഒരു ലെയർ കൂടി ടാർ ചെയ്യണമെന്നാണ് കരാറിലെ വ്യവസ്ഥ. ഓവുചാൽ പണിയാനായി മാണിയാട്ട് എത്തിച്ച ഇരുമ്പുഷീറ്റുകളും മറ്റും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കയാണ്. മാസങ്ങൾക്ക് മുമ്പായി ഈ ഷീറ്റുകൾ എത്തിച്ചതല്ലാതെ മറ്റുനടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നീട്ടിക്കൊടുത്ത അവധി തീരാൻ ഇനി ഒരുമാസവും ഏതാനും ദിവസങ്ങളും മാത്രമേ ബാക്കിയുള്ളൂ. എന്നാൽ ടാറിംഗിനായുള്ള അസംസ്കൃത വസ്തുക്കൾ ഈറോഡിൽ എവിടെയും ശേഖരിച്ചതായി കാണാനില്ല. മാത്രമല്ല ഇനി എന്ത് വേഗതയിൽ പണിതാലും പ്രവൃത്തി നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.