തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് ഇന്ന് അര നൂറ്റാണ്ട്
താവത്തിന്റെ ഓർമ്മയിൽ സമരതീക്ഷ്ണമായ ആ നാളുകൾ
കണ്ണൂർ: 1968 നവംബർ 22, സമയം രാത്രി പത്തരയോട് അടുക്കുന്നു. 149 പേരടങ്ങുന്ന സംഘം തലശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുന്നു. സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രഹസ്യമായിട്ടായിരുന്നു ഓരോ നീക്കവും. നക്സലൈറ്റാണെന്നറിഞ്ഞാൽ പിന്നെ പുറംലോകം കാണില്ല. അതിലൊന്നും തെല്ലും ഭയമുണ്ടായിരുന്നില്ല. തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 50 വർഷം പൂർത്തിയാകുമ്പോൾ അന്നത്തെ വെടിയൊച്ച താവം ബാലകൃഷ്ണൻ എന്ന വിപ്ളവകാരിക്ക് ഇന്നും മറക്കാനാവില്ല. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായ താവം ബാലകൃഷ്ണന് അന്ന് വയസ് വെറും 24. ഗ്രാമങ്ങൾ മോചിപ്പിച്ച് ലോംഗ് മാർച്ച് നടത്തി നഗരങ്ങളെ വളയുക, സായുധകലാപത്തിലൂടെ ജനകീയ ഭരണം സ്ഥാപിക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യം.
ആയുധം സംഭരിക്കാനാണ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പദ്ധതിയിട്ടത്. സ്റ്റേഷനിലേക്കുള്ള ടെലിഫോൺ ബന്ധം വിച്ഛേദിച്ചിരുന്നു. വടികളും പടക്കവും മറ്റുമായി പെട്രോമാക്സ് വെളിച്ചത്തിൽ രണ്ടായാണ് സംഘം നീങ്ങിയത്. മുൻനിര അവിടെയെത്തിയതിന് പിന്നാലെ പാറാവുകാരനു നേരെ പടക്കം എറിഞ്ഞു. ലക്ഷ്യം തെറ്റി സ്റ്റേഷന്റെ നോട്ടീസ് ബോർഡിൽ തട്ടിയ പടക്കം പൊട്ടിയില്ല. പാറാവുകാരൻ ഒച്ചവച്ചപ്പോൾ മുകൾ നിലയിൽ നിന്നു പൊലീസുകാർ ഓടിയെത്തി. ഇതോടെ ആക്‌ഷന് എത്തിയവരുടെ മുൻനിര പകച്ചു. സംഘം ചിതറിത്തെറിച്ചു. 149 അംഗസംഘത്തിൽ 65 പേർ വരെ പിടിച്ചു നിന്നു. പിന്നീട് അവരെ പൊലീസ് കീഴ്പ്പെടുത്തി.
തലശേരി, പൊന്ന്യം, പാപ്പിനിശേരി, പുന്നോൽ, കതിരൂർ, വേങ്ങാട്, തില്ലങ്കേരി, മാടായി, കരിങ്കൽ കുഴി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘത്തിൽ. കേസിൽ പതിനൊന്നാം പ്രതിയായിരുന്നു താവം. റിമാൻഡ് കാലം കണ്ണൂർ സെൻട്രൽ ജയിലിൽ. കാര്യമായ മർദ്ദനമേറ്റു. പിന്നീട് കോഴിക്കോട് കോടതി വെറുതേ വിട്ടെങ്കിലും സർക്കാർ അപ്പീലിൽ ഹൈക്കോടതി മൂന്നു വർഷം ശിക്ഷിച്ചു. എന്നാലും അത് കൈപ്പിഴയല്ലെന്നാണ് ഇന്നും താവത്തിന്റെ വിശ്വാസം. നേതാക്കൾ കല്പിക്കുമ്പോൾ അന്ന് മറ്റൊന്നും ആലോചിക്കാറില്ല. എന്നാൽ ഇത്രയും വലിയ ആക്രമണം വേണ്ടിയിരുന്നില്ലെന്ന് വീണ്ടുവിചാരവുമുണ്ട്- താവം പറയുന്നു