കാസർകോട്: പെരിയാട്ടടുക്കം ദേശീയപാതയിൽ സ്‌കൂൾ കുട്ടികളുമായി പോകുന്ന ഓട്ടോയിൽ ജെ.സി.ബി. കയറ്റിവന്ന ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പെരിയാട്ടടുക്കം തൊണ്ടോളിയിലെ അൻസാരി(35)യാണ് മരിച്ചത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കുണിയ ഹയർ സെക്കൻഡറി സ്‌കൂളിലേക്കും അംഗൻവാടിയിലേക്കുമുള്ള കുട്ടികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽ പെട്ടത്. പൂനെയിലേക്ക് ജെ.സി.ബി. കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ചതിന്റെ ആഘാതത്തിൽ ഓട്ടോ സമീപത്തെ കാറിലേക്ക് വീണു. കുണിയ സ്‌കൂളിലെ യു.കെ.ജി. വിദ്യാർത്ഥികളായ അനാമിക(6), ഫാത്വിമത്ത് സൈദ(6), റുബീന മുഹമ്മദ്(6), സിയാന(6), ഖദീജത്ത് അസ്ന(6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ അസ്നയെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരേതനായ നിസാർ നൂർജഹാൻ ദമ്പതികളുടെ മകനാണ്. ഭാര്യ:നസീറ. മക്കൾ: അൻസാഫ്, അർഫാസ്, ഫാത്വിമ. ഏക സഹോദരൻ അനസ്.