കാഞ്ഞങ്ങാട്: കബഡി അസോസിയേഷനുകൾ തമ്മിലെ അധികാര വടംവലി സംസ്ഥാന ചാമ്പ്യൻഷിപ്പിനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ നെഞ്ചിടിപ്പേറ്റുന്നു. പതിവിന് വ്യത്യസ്ഥമായി ഇത്തവണ രണ്ട് ചാമ്പ്യൻഷിപ്പുകൾ നടന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

അച്ചാംതുരുത്തി അഴീക്കോടൻ ക്ലബ്ബ് പരിസരത്തും കാസർകോട് ജെ.കെ. അക്കാദമിയിലുമാണ് ആഗസ്റ്റ് 12ന് ചാമ്പ്യൻഷിപ്പുകൾ നടന്നത്. മൂന്ന് മാസമായിട്ടും ആരാണ് യോഗ്യരെന്ന് പോലും തീർപ്പായിട്ടില്ല.

ജില്ല കബഡി അസോസിയേഷൽ ജെ.കെ. അക്കാദമിയിൽ നടത്തിയ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ജില്ല പ്രസിഡന്റ് പ്രവീൺ രാജിന്റെ അദ്ധ്യക്ഷതയിൽ കാസർകോട് എസ്.ഐ. അജിത് കുമാറാണ് ഉദ്ഘാടനം ചെയ്തത്. 33 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ നിന്നും നാൽപതിലധികം പേരെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. അച്ചാംതുരുത്തിയിലെ ചാമ്പ്യൻഷിപ്പിന്റെ അവസ്ഥയും സമാനമാണ്. പുതിയ അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ 16 ക്ലബ്ബുകൾ പങ്കെടുത്തതിൽ നിന്നും 30ലധികം പേരെ തിരഞ്ഞെടുത്തു. ഇവർക്ക് സി.പി.എം ബന്ധമുണ്ടെന്നും എതിർഭാഗം ആക്ഷേപിക്കുന്നു.