ചെറുവത്തൂർ: അറബിക്കഥ പറഞ്ഞു കടയിൽ നിന്നു അര ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ദമ്പതികളെന്നു കരുതുന്നവരടക്കം മൂന്നംഗസംഘം എത്തിയതായി സംശയിക്കപ്പെടുന്ന കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവാവും യുവതിയും ചേർന്ന് കൺകെട്ട് വിദ്യയിലെന്ന പോലെ മേന്മ സ്റ്റോർ ഉടമ ശ്രീധരന്റെ കൈയിൽ നിന്നു 60,000 രൂപയുടെ കറൻസിക്കെട്ടിൽ നിന്നു 44,000 രൂപയാണ് അടിച്ചുമാറ്റിയത്. യുവതിയുടെ വേഷം സൽവാറായിരുന്നു. യുവാവ് ബർമുഡയും ബനിയനുമാണ് ധരിച്ചിരുന്നത്. വെളുത്തു തടിച്ച യുവാവിനെ കണ്ടാൽ അറബിയെപ്പോലെ തോന്നുമെന്ന് കട ഉടമ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഞങ്ങൾ അറബികളാണെന്നു പറഞ്ഞാണ് ഏറെക്കാലം ഗൾഫിലായിരുന്ന ശ്രീധരനെ ഇരുവരും കയ്യിലെടുത്തത്. ഇവർ കാറിൽ വന്നതും ഓട്ടോ റിക്ഷയിൽ മടങ്ങുന്നതും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. വാഹനം കണ്ടെത്താനാവുന്നതോടെ കൂടുതൽ സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.