കാസർകോട്: ദേശീയപാതയിൽ ബൈക്ക് റെയ്‌സ് നടത്തുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിച്ചു. മത്സരിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിലായിരുന്നു സംഘർഷം. ടൗൺ എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമയോചിതമായി ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി. ഇന്നലെ വൈകിട്ട് കറന്തക്കാട് ദേശീയപാത സർക്കിളിലാണ് സംഭവം. പതിനഞ്ചോളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ബൈക്ക് റെയ്‌സ് നടത്തിയതിനും അന്യായമായി സംഘം ചേർന്നതിനും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. അറുപതോളം ബൈക്കുകളിൽ യുവാക്കൾ റെയ്‌സിൽ പങ്കെടുക്കാൻ നഗരത്തിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മത്സരിക്കാൻ വന്ന യുവാക്കൾക്ക് നേരെ സ്ഥലത്തുണ്ടായിരുന്നവർ സോഡാക്കുപ്പിയെറിഞ്ഞതോടെയായിരുന്നു സംഘർഷം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ലാത്തിവീശി എല്ലാവരെയും വിരട്ടിയോടിക്കുകയായിരുന്നു.