കാസർകോട്: ബേഡടുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർത്ഥിയുടെ പത്രിക ഒരു സംഘം സി.പി.എം പ്രവർത്തകർ വലിച്ചുകീറി കളഞ്ഞു. ഇന്നലെ രാവിലെ ബാങ്ക് കോമ്പൗണ്ടിനകത്ത് വച്ചാണ് സംഭവം. സി.പി.ഐ കാസർകോട് മണ്ഡലം സെക്രട്ടറിയും നിലവിലുള്ള ഡയറക്ടറുമായ കെ. കുഞ്ഞിരാമന്റെ കൈയിൽ നിന്നു പത്രിക പിടിച്ചു വാങ്ങി കീറി നശിപ്പിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ഇടതുമുന്നണിയിലെ ധാരണപ്രകാരം 13 അംഗ ഭരണസമിതിയിൽ ഒരു സീറ്റ് സി.പി. ഐക്ക് നൽകാറുണ്ട്. ജില്ലയിലെ എ ഗ്രേഡ് ബാങ്കുകളിലൊന്നായ ഇവിടെ തിരഞ്ഞെടുപ്പില്ലാതെ സമവായത്തിലൂടെ ഭരണസമിതിയെ തിരഞ്ഞെടുക്കുകയാണ് പതിവ്. അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുഞ്ഞിരാമൻ പാർട്ടി പ്രവർത്തകർക്കൊപ്പം ഇന്നലെ രാവിലെ കുണ്ടംകുഴി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിയതായിരുന്നു. അവിടെ ബാങ്ക് പ്രസിഡന്റും സി.പി.എം നേതാവുമായ എ ദാമോദരൻ, ഏരിയാ സെക്രട്ടറി എം അനന്തൻ എന്നിവർക്കൊപ്പമിരുന്ന് പത്രിക പൂരിപ്പിച്ചു. പത്രിക സമർപ്പിക്കാൻ നേതാക്കൾക്കൊപ്പം ബാങ്ക് കോമ്പൗണ്ടിൽ എത്തിയപ്പോൾ നേരത്തെ അവിടെ സംഘടിച്ചു നിന്നിരുന്ന സി.പി.എം പ്രവർത്തകർ പൊടുന്നനെ കുഞ്ഞിരാമന്റെ കൈയിൽനിന്ന് അതു പിടിച്ചു വാങ്ങി കീറി നശിപ്പിക്കുകയാണുണ്ടായത്. എന്താണ് കാര്യമെന്നു ആവർത്തിച്ചുചോദിച്ചെങ്കിലും പ്രത്യേകിച്ച് പ്രതികരണമൊന്നുമുണ്ടായില്ല. എന്താണ് പ്രശ്നമെന്നു തിരിച്ച് ചോദിച്ചതല്ലാതെ ദാമോരനും ഒന്നും പറയാനുണ്ടായിരുന്നില്ല. ഭരണസമിതിയിലേക്ക് സി.പി.എം മുന്ന് ഡമ്മി പത്രിക കൂടി സമർപ്പിച്ചിട്ടുണ്ട്. ഇരു പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഈ ഭാഗത്തുണ്ടായ ഭിന്നത പരിഹരിച്ചുവെന്ന് നേതാക്കൾ പറയുമ്പോഴും അഭിപ്രായവ്യാത്യാസം അവശേഷിക്കുന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് പുതിയ സംഭവം. അതേസമയം, ഇടതുമുന്നണിയിൽ ഘടകകക്ഷികൾ തമ്മിൽ നല്ല ബന്ധമാണെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്റെ പ്രതികരണം.
അതിക്രമം ആസൂത്രിതം: സി.പി.ഐ
കാസർകോട്: സി.പി.എം നേതാക്കളുടെ കൺമുന്നിൽവച്ച് ബേഡടുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് കോമ്പൗണ്ടിൽ നടന്ന അതിക്രമം ആസൂത്രിതമാണെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ കുറ്റപ്പെടുത്തി. മുന്നണി ധാരണപ്രകാരം അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സി.പി.എം നേതാക്കൾക്കൊപ്പം എത്തിയതായിരുന്നു പാർട്ടി കാസർകോട് മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമൻ. അവിടെയുണ്ടായിരുന്ന ഒരു സംഘം സി.പി.എം പ്രവർത്തകർ അദ്ദേഹത്തിന്റെ കൈയിൽ നിന്നു ബലപ്രയോഗത്തിലൂടെ പത്രിക പിടിച്ചുവാങ്ങി കീറിക്കളയുകയാണ് ചെയ്തത്. ഈ അതിക്രമത്തെ കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്. മുന്നണിമര്യാദയെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന സി.പി.എം ഇത് ഏതു മര്യാദയുടെ ഭാഗമാണെന്ന് പറയേണ്ടതുണ്ട്.