കുട്ടമത്ത്: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. ഗായക പ്രതിഭകളെയും,നാട്യ നടന രംഗത്തെ ജില്ലയിലെ കലാകാരന്മാരെയും കണ്ടെത്താനുള്ള, നാദ താള വിസ്മയം തീർക്കുകയാണ് റവന്യു ജില്ലാ സ്കൂൾ കലോത്സവം. കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കലോത്സവത്തിന്റെ ഒന്നാം ദിവസം പ്രദേശം സംഗീത സാന്ദ്രമായ അവസ്ഥ. പ്രധാന വേദിയായ കുട്ടമത്ത് സ്കൂളിന് ചുറ്റുമായി ഒരു കിലോമീറ്റർ ചുറ്റളവിലാണ് മറ്റു മത്സരങ്ങൾ അരങ്ങേറുന്ന ഒൻപത് വേദികൾ ഒരുക്കിയിട്ടുള്ളത്.
ചെറുവത്തൂർ നഗരത്തിൽ നിന്നും കയ്യൂർ റോഡിലൂടെയുള്ള സ്കൂളിലേക്കുള്ള പാതയോരങ്ങളിലാണ് വേദികളിലധികവും . അതുകൊണ്ടു തന്നെ തികച്ചും സംഗീതമയമായ ഒരന്തരീക്ഷമാണ് ഇതുവഴിയുമുള്ള യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ആരംഭിക്കുന്ന ഗസൽ, കോൽക്കളി, കഥകളി സംഗീതം തുടങ്ങിയ പരിപാടികൾക്ക് ശേഷം വൈകീട്ട് നാലരക്ക് നടക്കുന്ന എച്ച്.എസ്.എസ് വിഭാഗം ഉറുദു ക്വിസ് മത്സരത്തോടെയാണ് ഈ വർഷത്തെ റവന്യു ജില്ലാ കലോത്സവം സമാപിക്കുക.
ഒന്നാം ദിവസം 42 ഇനം പൂർത്തിയായപ്പോൾ ഹൈസ്കൂ8 വിഭാഗത്തിൽ 171 പോയിന്റ് നേടി ഹോസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്. 147 പോയിന്റ് നേടി കാസർകോട് രണ്ടാം സ്ഥാനത്തും 127 പോയിന്റ് നേടി ബേക്കൽ മൂന്നാം സ്ഥാനത്തും തുടരുന്നു.
ഹയർസെക്കൻഡറി വിഭാഗത്തിൽ 47 ഇനങ്ങൾ പൂർത്തിയായപ്പോൾ 197 പോയിന്റ് നേടി ഹോസ്ദുർഗ് ഒന്നാം സ്ഥാനത്തും 175 പോയിന്റ് നേടി കാസർകോട് രണ്ടാം സ്ഥാനത്തും, 173 പോയിന്റ് നേടി ചെറുവത്തൂർ മൂന്നാം സ്ഥാനത്തുമാണ്.
അറബിക് കലോത്സവത്തിൽ 12 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 54 പോയിന്റ് നേടി കാസർകോട് ഉപജില്ല ഒന്നും 52 പോയിന്റ് നേടി ബേക്കൽ രണ്ടും, 51പോയിന്റ്
നേടി കുമ്പള മൂന്നാം സ്ഥാനത്തും തുടരുന്നു. സംസ്കൃതോത്സവത്തിൽ 35 വീതം പോയിന്റുകൾ നേടി കാസർകോട്, ബേക്കൽ, കുമ്പള എന്നീ ഉപജില്ലകൾ ഒപ്പത്തിനൊപ്പമാണ്. സമാപന ദിവസമായ ഇന്ന് 82 ഇനങ്ങളിലാണ് മത്സരം നടക്കുക.
ഉദ്ഘാടന സമ്മേളനമോ സമാപന സമ്മേളനമോ ഇത്തവണ കലോത്സവത്തിൽ ഉണ്ടാകില്ല. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവർ കലോത്സവ നഗരിയിൽ എത്തിയിരുന്നു.