കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് ബസ് സ്റ്റാൻഡ് ഡിസംബർ അവസാനവാരം ഉദ്ഘാടനം ചെയ്യാനാകുമെന്ന് ചെയർമാൻ വി.വി രമേശൻ പറഞ്ഞു.ഡിസംബർ 25 നുശേഷം മുഖ്യമന്ത്രിയുടെ തീയ്യതി കിട്ടുമെന്നാണ് കരുതുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷം ഇതിന്റെ ഭാഗമായി നടക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
വൈഫൈ മുതൽ വായനശാല വരെ ബസ് സ്റ്റാൻഡിൽ ഉണ്ടാകും. കുടുംബശ്രീകൾക്ക് വലിയ പ്രാധാന്യം സ്റ്റാൻഡിൽ ലഭിക്കും കുടുംബശ്രീ കഫെ ,ബസ്സുകളുടെ പോക്കു വരവ് വിളിച്ചുപറയുന്ന ജോലി എന്നിവ കുടുംബശ്രീ പ്രവർത്തകരാണ് ചെയ്യുക. സ്റ്റാൻഡിൽ പൂന്തോട്ടം ഒരുക്കാൻ റോട്ടറി ക്ലബ്ബ് മുന്നോട്ട് വന്നിട്ടുണ്ട്.
കൈക്കുഞ്ഞുങ്ങളുമായി സ്റ്റാൻഡിലെത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സംവിധാനവും സ്റ്റാൻഡിൽ ഒരുക്കുന്നുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഷീ ലോഡ്ജും പൂർത്തിയായിട്ടുണ്ട്.
ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. വൈസ് ചെയർമാൻ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ കെ. വേണുഗോപാൽ നമ്പ്യാർ പ്രസംഗിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.വി ഭാഗീരഥി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ചെയർമാൻ വി.വി രമേശൻ(ചെയർമാൻ), അഡ്വ.കെ രാജാമോഹനൻ, എം.പി ജാഫർ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.