കണ്ണൂർ: കുരുമുളക് കൃഷിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഉൽപാദനക്ഷമതയുള്ള ജില്ലയായി മാറാൻ കണ്ണൂർ തയ്യാറെടുക്കുന്നു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിളകളിലൊന്നായ കുരുമുളകിനെ സംരക്ഷിക്കുന്നതിനും അനയോജ്യമായ വിളപരിപാലന തന്ത്രങ്ങൾ ക്രമീകരിക്കുന്നതിനും സംസ്ഥാനത്ത് ഇതാദ്യമായി രൂപീകരിക്കപ്പെട്ട ചെറുതാഴം കുരുമുളക് ഉത്പാദന കമ്പനി നാളെ പ്രവർത്തനം തുടങ്ങുന്നത് ഈ ഉദ്ദേശം മുൻനിർത്തിയാണ്.
കൃഷി വിജ്ഞാന കേന്ദ്രം, നബാർഡ്, കൃഷി വകുപ്പ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കമ്പനി രൂപീകരിച്ചത്. കുരുമുളകിന്റെ ഉൽപാദന വർധനവിന് ഉതകുന്ന രീതിയിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം, വിളപരിപാലനം, വിളവെടുപ്പ്, സംഭരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണം വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ തുടങ്ങി സമഗ്രമായ പദ്ധതികളാണ് കമ്പനിക്കുള്ളത്. പ്രതിമാസ വരുമാനം ഉറപ്പുവരുത്തുന്നതിനായി പച്ചക്കറി കൃഷിയും ഒപ്പമുണ്ടാകും.