മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിനുള്ള വേദിയുടെ നിർമ്മാണം തുടങ്ങി. എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിന് സമീപത്താണ് 4800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വേദിയൊരുക്കുന്നത്. വേദിയിൽ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം 120 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓഹരി ഉടമകൾക്കും പദ്ധതിക്ക് ഭൂമി വിട്ടുനൽകിയവർക്കും പന്തലിൽ പ്രത്യേക സൗകര്യമൊരുക്കും. 25000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിക്കുന്നത്.
ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് അടക്കമുള്ള ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കും. ഇതിനായി 80 അടി വീതിയും 13 അടി ഉയരവുമുള്ള എൽ.ഇ.ഡി. വാൾ ഒരുക്കുന്നുണ്ട്.
17 എൽ.ഇ.ഡി. സ്ക്രീനുകളാണ് ഉണ്ടാവുക. ഉദ്ഘാടനവേദിയിൽ ആറു ടി.വികളുണ്ടാകും. തിരുവനന്തപുരത്തെ എ.ബി.സി. ഇവന്റ് മാനേജ്മെന്റാണ് ഉദ്ഘാടനത്തിന്റെ വേദിയൊരുക്കുന്നത്. 32 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേദിയൊരുക്കിയതും ഇതേ ഏജൻസിയായിരുന്നു.
രണ്ടാഴ്ചയ്ക്കകം വേദിയുടെ നിർമാണം പൂർത്തിയാകും.