swamini
സ്വാമിനി അപൂർവ്വാനന്ദ സരസ്വതി

കണ്ണൂർ: ചിന്മയ മിഷൻ കണ്ണൂർ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി (58) സമാധിയായി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു അന്ത്യം. അർബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ നടക്കും.
മുംബൈയിൽ സാന്ദീപിനി സാധനാലയത്തിൽ നിന്ന് ബ്രഹ്മചാരിണിയായി. 1997 ൽ സ്വാമിനി അപൂർവാനന്ദ സരസ്വതി എന്ന പേരിൽ സന്യാസദീക്ഷ സ്വീകരിച്ചു. 1960 സെപ്തംബർ 5 ന് റിട്ട. അഗ്രിക്കൾച്ചറർ ഡയറക്ടറായിരുന്ന പി. പെരുമാൾ രാജ-ചിന്മയദേവി ഗ്രൂപ്പ് കോ-ഓർഡിനേറ്റർ സാവിത്രി അമ്മാൾ ദമ്പതികളുടെ മകളായി ജനിച്ച അപൂർവ്വാനന്ദ സരസ്വതിയുടെ പൂർവ്വാശ്രമനാമം മഞ്ജുള എന്നായിരുന്നു. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിരുദം നേടിയ മഞ്ജുള ചിന്മയാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിൽ ആകൃഷ്ടയായാണ് സന്യാസം സ്വീകരിച്ചത്. മുംബൈയിലെ സന്ദീപനി സാധനാലയയിൽ ബ്രഹ്മചാരി കോഴ്‌സ് പൂർത്തിയാക്കി. മൂന്ന് ദശകത്തോളം കണ്ണൂരിലെ ആദ്ധ്യാത്മിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു .പ്രീതി ഏകസഹോദരിയാണ്.