കൊട്ടിയൂർ: ഉരുൾപൊട്ടലിനെത്തുടർന്ന് കൊട്ടിയൂർ പഞ്ചായത്തിൽ കെട്ടിടം പണിയുന്നതിനുള്ള നിരോധനം നീക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
കഴിഞ്ഞ ആഗസ്റ്റ് മാസമുണ്ടായ കനത്ത മഴയെത്തുടർന്ന് കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലാണ് കൊട്ടിയൂർ പഞ്ചായത്തിൽ കെട്ടിടം നിർമ്മിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉരുൾപൊട്ടൽ മേഖലയിൽ പഠനത്തിനെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കുന്നിൻ മുകളിലുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് ബിൽഡിംഗ് റൂൾ പാലിക്കണമെന്നും ഇത്തരം സ്ഥലങ്ങൾക്ക് അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഇതു മൂലം കൊട്ടിയൂർ പഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തികൾ എല്ലാം തന്നെ പ്രതിസന്ധിയിലായിരിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനും മറ്റും നിരോധനം വിലങ്ങുതടിയായി വന്നതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഇത് അജണ്ടയിൽ ഉൾപ്പെടുത്തിയത്.
ഇതനുസരിച്ച് ഉരുൾപൊട്ടലുണ്ടായ മേഖലകൾ പരിശോധിച്ച് കെട്ടിടം പണിയാൻ അനുയോജ്യമായ സ്ഥലങ്ങളിൽ അനുമതി നൽകാനാണ് ഭരണസമിതി യോഗത്തിൽ തീരുമാനമായത്.