കാസർകോട്: ജില്ലയുടെ ചിരകാല സ്വപ്നമായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രി സമുച്ചത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് ഉക്കിനടുക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ദ്ധ ചികിത്സയ്ക്കായി കർണ്ണാടക സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന ജില്ലക്കാർക്ക് അനുഗ്രഹമാണ് ബദിയടുക്ക ഉക്കിനടുക്കയിൽ സ്ഥാപിക്കാൻ പോകുന്ന മെഡിക്കൽ കോളേജ്. 500 ബെഡ്ഡുള്ള ആശുപത്രിയാണ് നിർമ്മിക്കുക. മെഡിക്കൽ കോളേജിന്റെ ഭരണ നിർവഹണ വിഭാഗം കെട്ടിട നിർമ്മാണം പൂർത്തിയായി. 300 കോടി രൂപ ലഭിച്ചാൽ മാത്രമേ മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നും അടുത്ത ബഡ്ജറ്റിൽ തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഉക്കിനടുക്കയിൽ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിക്കും.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ എൻ എ നെല്ലിക്കുന്ന് എം.എൽ.എ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ കൃഷ്ണഭട്ട്, ഡി.എം.ഒ ഡോ. എ.പി ദിനേശ്കുമാർ, ജഗന്നാഥ ഷെട്ടി എന്നിവർ പങ്കെടുത്തു.