കൂത്തുപറമ്പ്: കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ 24ാം വാർഷികം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വൈകിട്ട് 3ന് രക്തസാക്ഷികൾ വെടിയേറ്റ് വീണ സ്ഥലത്ത് നേതാക്കളും പ്രവർത്തകരും ദീപശിഖ കൊളുത്തും. തുടർന്ന് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ തൊക്കിലങ്ങാടിയിലേക്ക് ദീപശിഖ പ്രയാണം ആരംഭിക്കും. തൊക്കിലങ്ങാടിയിൽ നിന്നും വൈറ്റ് വളണ്ടിയർ മാർച്ചും ദീപശിഖാ പ്രയാണവും യുവജന ബഹുജന റാലികളും കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിലേക്ക് പുറപ്പെടും. വൈകിട്ട് 4ന് പിണറായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കളം കേന്ദ്രീകരിച്ച് യുവജന പ്രകടനം ടൗണിലേക്ക് പുറപ്പെടും. തുടർന്ന് കൂത്തുപറമ്പ് സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എ റഹീം, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സംസാരിക്കും.