കണ്ണൂർ: ശബരിമലയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കാനുള്ള ആർ. എസ്. എസ്, ബി.ജെ.പി നീക്കം കേരളത്തിന്റെ സമാധാനം തകർക്കാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. ന്യൂനപക്ഷ സാംസ്കാരിക വനിതാ വേദിയുടെ നേതൃത്വത്തിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ മുസ്ലീം സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആർ. എസ്. എസും ബി.ജെ.പിയും സംഘടിതമായി കേരളത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശബരിമലയിലേക്ക് കേന്ദ്രമന്ത്രിമാരെ ദിനംപ്രതി അയക്കുന്നതെന്നും ഇതു കേരളത്തെ തകർക്കാനാണെന്നും അവർ പറഞ്ഞു.

ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധമായി ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചതിനെതിരെയാണ് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്. കേരളം വലിയ പ്രളയത്തിൽപെട്ടപ്പോൾ കേന്ദ്ര സർക്കാർ പുനർനിർമ്മാണത്തിനായി ഒന്നും ചെയ്തിട്ടില്ല. പ്രളയദുരന്തം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് കേന്ദ്രസർക്കാർ സഹായം നൽകണമെന്നത് ഭരണഘടനാ ബാദ്ധ്യതയാണ്. കേരളത്തിലെ ജനങ്ങളുടെ ആ അവകാശമാണ് കേന്ദ്ര സർക്കാർ നിഷേധിച്ചു കൊണ്ടിരിക്കുന്നത്.

അമിത് ഷാ കേരളത്തിൽ വന്നപ്പോൾ സുപ്രിം കോടതിയെ ഭീഷണിപ്പെടുത്തുന്ന പ്രസംഗമാണ് നടത്തിയത്. ശബരിമല വിഷയത്തിൽ മാത്രമല്ല, അയോദ്ധ്യാ പ്രശ്നത്തിലും തങ്ങൾ ഇതേ നിലപാട് എടക്കുമെന്നാണ് അമിത് ഷായുടെ ദുസ്സൂചന. ശബരിമല വിഷയത്തിൽ കോൺഗ്രസും ലീഗും ബി.ജെ.പിയും ആർ. എസ്. എസും നടത്തുന്ന സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരിക്കയാണെന്നും വൃന്ദ പറഞ്ഞു.

സ്വാഗതസംഘം കൺവീനർ അഡ്വ. വി. ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, എ. എൻ. ഷംസീർ എം.എൽ.എ, മേയർ ഇ.പി. ലത, പി. ജയരാജൻ, എം. ഷാജർ, എൻ. സുകന്യ, ആമിന മാളിയേക്കൽ, കെ.പി. സഹദേവൻ, നജ്മ ഹാഷിം, എം.വി. സരള, കെ. ലീല എന്നിവർ പ്രസംഗിച്ചു.