blind

കണ്ണൂർ: അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് കുട്ടമെടയൽ മത്സരത്തിൽ പങ്കെടുക്കുന്ന മനോജ് എന്ന കൊച്ചുമിടുക്കൻ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. അകക്കണ്ണിന്റെ വെളിച്ചത്തിൽ മുളങ്കമ്പു കൊണ്ട് മനോജ് കുട്ടകൾ മെടയുമ്പോൾ ആ കരവിരുത് കാഴ്ചക്കാരിലും ഏറെ കൗതുകമുണർത്തി. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടെങ്കിലും എറണാകുളം ആലുവ സ്കൂൾ ഫോർ ദി ബ്ലൈന്റിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ കെ. മനോജ് പരിമിതികളിൽ പതറാതെ തന്റെ വൈദഗ്ദ്ധ്യം കൈമുതലാക്കി കുട്ടകൾ ഒാരോന്നായി മെടഞ്ഞെടുക്കുകയാണ്.

അതിസൂക്ഷ്മതയോടെ അതിലേറെ ആത്മവിശ്വാസത്തോടെ മനോജ് നിർമ്മിച്ച കുട്ടയുടെ ബലവും ഉറപ്പും വിധിക‌ർത്താക്കളിൽ പോലും വിസ്മയമുണർത്തി. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ കുട്ടമെടയലിൽ ഒന്നാമതെത്തിയ ഈ മിടുക്കന് അദ്ധ്യാപികയായ ജെ. ബെറ്റിയാണ് പരിശീലനം നൽകുന്നത്.

ആലുവ നിവാസികളായ രമേശൻ - സുധ ദമ്പതികളുടെ മകനാണ് മനോജ്. മനോജിന്റെ അമ്മയുടെ സഹോദരി അംബികയുടെ മകളും പാലക്കാട് ശ്രവണ സംസ്ക്കാര സ്ക്കൂളിലെ പ്ലസ് ടു വിദ്യാ‌ർത്ഥിനിയുമായ എം. മഞ്ചിമയും പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ മത്സരത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയിട്ടുണ്ട്. ഇൗ ഇനത്തിൽ കഴിഞ്ഞതവണ മഞ്ചിമ സംസ്ഥാനതലത്തിൽ എ പ്ലസ് നേടിയിരുന്നു.

ഫോട്ടോ: കുട്ടമെടയലിൽ ഏർപ്പെട്ടിരിക്കുന്ന മനോജ്