കാസർകോട്: വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും ജനവിരുദ്ധ സർക്കാരുകൾക്കുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജനയാത്രയ്‌ക്ക് മഞ്ചേശ്വരം ഉദ്യാവരയിലെ ചെർക്കളം അബ്ദുള്ള നഗറിൽ നിന്ന് തുടക്കമായി. ജാഥാ ക്യാപ്ടൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഹരിത പതാക കൈമാറി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ജനങ്ങളെ പഴയകാലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനാൽ എല്ലാ വിഭാഗത്തെയും ഒരുമിപ്പിച്ചു മുസ്ലിം ലീഗ് മതമൈത്രിക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര മുഖ്യാതിഥിയായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഡോ. എം.കെ. മുനീർ എം.എൽ.എ, വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, സി.കെ. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.