അതിഥികൾക്ക് ചായയും ബിസ്‌കറ്റും
കാസർകോട്: മുഹൂർത്തവും കാലവും നോക്കാതെ ആർഭാടങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകൾക്ക് താലികെട്ട്. മന്ത്രി ഇ. ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും മകൾ നീലി ചന്ദ്രന്റെയും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കുഞ്ഞികൃഷ്ണൻ നായരുടെയും സരസമ്മയുടെയും മകൻ വിഷ്ണുവിന്റെയും വിവാഹമാണ് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ലളിതമായി നടത്തി മാതൃകയായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹമന്ത്രിമാരും എത്തുന്ന സമയം തന്നെയായിരുന്നു വിവാഹത്തിന്റെ മുഹൂർത്തം. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി എത്തിയതോടെ താലികെട്ട് ചടങ്ങ് തുടങ്ങി. മറ്റു മന്ത്രിമാരെല്ലാം നേരത്തേ എത്തിയിരുന്നു. 15 മന്ത്രിമാരും എം.പി, എം.എൽ.എമാരും സന്നിഹിതരായി. കല്ല്യാണം കൂടാനെത്തിയ അതിഥികൾ ചായയും ബിസ്‌കറ്റും കഴിച്ച് സന്തോഷത്തോടെ മടങ്ങി. ചടങ്ങ് കഴിഞ്ഞതിന് ശേഷം മന്ത്രി ചന്ദ്രശേഖരനും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പോയി. കേന്ദ്ര സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർത്ഥിയാണ് നീലി. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ് വിഷ്ണു.
മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, എ.സി. മൊയ്തീൻ, കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ, എം.എം. മണി, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാർക്ക് മംഗളാശംസകൾ നേർന്നു.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജൻ, സി. ദിവാകരൻ, കെ.പി. മോഹനൻ, പി. കരുണാകരൻ എം.പി, പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ തുടങ്ങിയ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും സംബന്ധിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ തടയുമെന്ന് ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചിരുന്നതിനാൽ കല്ല്യാണ മണ്ഡപത്തിലും പരിസരത്തും വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.