sastra
എസ്. സതീഷ് ചോക്കുനിർമ്മാണത്തിൽ

കണ്ണൂർ: സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കാടിന്റെ മകന് ചോക്കു നിർമ്മാണത്തിൽ എ ഗ്രേഡ്. ആദിവാസി ഗോത്രവർഗത്തിലെ കാട്ടുനായ്ക്കർ വിഭാഗത്തിലെ എസ്. സതീഷാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടിയത്. മലപ്പുറം നിലമ്പൂരുള്ള ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സതീഷ്. സ്‌കൂളിലെ അദ്ധ്യാപകരായ പ്രദോഷ്, നൗഷാദ് എന്നിവരാണ് സതീഷിന് ചോക്ക് നിർമ്മാണത്തിൽ പരിശീലനം നൽകിയത്.

സംസ്ഥാനതലത്തിൽ ആദ്യമായാണ് സതീഷ് മത്സരിക്കുന്നത്. ആദ്യം പേടിയുണ്ടായിരുന്നുവെങ്കിലും എല്ലാവരുമായി സംസാരിച്ചു തുടങ്ങിയപ്പോൾ ആത്മവിശ്വാസം കിട്ടിയെന്ന് സതീഷ് പറയുന്നു.

പന്തുകളിയാണ് സതീഷിന്റെ ഇഷ്ടവിനോദം.അദ്ധ്യാപകരുടെ തുടർച്ചയായ പ്രോത്സാഹനമാണ് സതീഷിനെ സംസ്ഥാന തലം വരെ എത്തിച്ചത്. ആദിവാസി വിഭാഗമായ കാട്ടുനായ്ക്കനും ചോലനായ്ക്കർക്കും വേണ്ടി മാത്രമുള്ള സ്‌കൂളാണ് സതീഷ് പഠിക്കുന്ന റസിഡൻഷ്യൽ സ്‌കൂൾ. ഇവിടെനിന്നും സതീഷ് മാത്രമാണ് സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തിയത്. ജില്ലാതലത്തിൽ 11 കുട്ടികൾ പങ്കെടുത്തിരുന്നു. മലപ്പുറം പോത്തുക്കല്ല് അപ്പൻകാവ് മുണ്ടേരിയിലെ സുന്ദരന്റെയും ശാന്തയുടെയും മകനാണ് സതീഷ്. സുധീഷും സജിതയും സഹോദരങ്ങളാണ്.