കൂത്തുപറമ്പ്:ശബരിമല വിഷയത്തിൽ പാർലമെന്റിൽ ഓർഡിനൻസിറക്കാതെ ഒളിച്ച് കളിക്കുന്ന ബി.ജെ.പി സംസ്ഥാന സർക്കാരിനെതിരെ കലാപം നടത്താനാണ് ശ്രമിക്കുന്നതെന്നും സുപ്രിം കോടതി വിധി നടപ്പിലാക്കേണ്ടതില്ലെന്ന് പരസ്യമായിപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറുണ്ടോയെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ നിന്നുണ്ടായ വിധിയെ സർക്കാർ വിധിയെന്ന നിലയിലാണ് ബി.ജെ.പി.യും, കോൺഗ്രസ്സും ജനങ്ങളിൽ പ്രചരിപ്പിക്കുന്നത്. കോടതി വിധിക്കെതിരെ തെരുവിൽ സമരം നടത്തി വിധി മാറ്റാനാവുമോയെന്നാണ് ഇരു പാർട്ടികളുടെയും ശ്രമം. എന്നാൽ വിധിക്കെതിരെ പാർലമെന്റിൽ ഓർഡിനൻസിറക്കാമായിരുന്നിട്ടും അതൊന്നും ചെയ്യാതെ സംസ്ഥാന സർക്കാരിനെതിരെ തെരുവിൽ കലാപമഴിച്ചുവിടാനാണ് ബി.ജെ.പി.യുടെ ശ്രമം.മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പാർട്ടിയായിരുന്നു ഒരു കാലത്ത് കോൺഗ്രസ്സ്. എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന വിധത്തിൽ ശബരിമല വിഷയത്തിൽ ബി.ജെ.പി.ക്കൊപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ്സും, മുസ്ലിം ലീഗും സ്വീകരിച്ചിട്ടുള്ളത്. അയോധ്യയിൽ ധരം സഭ എന്ന പേരിൽ ആർ.എസ്.എസ്. നടത്തുന്ന പരിപാടിക്ക് പിന്തുണ കൊടുക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തയ്യാവുമോ എന്നും കോടിയേരി ചോദിച്ചു.
സംഘാടക സമിതി ചെയർമാൻ കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.ഡി. വൈ. എഫ്.ഐ.സംസ്ഥാന സെക്രട്ടറി എ.എ.റഹിം, സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ, വത്സൻ പനോളി, എം.സുരേന്ദ്രൻ, വി.കെ.സനോജ്, കെ.അജേഷ് തുടങ്ങിയവർ സംസാരിച്ചു.