പാനൂർ: ആറു ദിവസം മുമ്പ് പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളായ പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. കുന്നോത്ത് പറമ്പിലെ സയന (19) പൊയിലൂരിലെ ദൃശ്യ (19) എന്നിവരെയാണ് കോടതി രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്. ഇവർ ഇന്നലെ വൈകുന്നേരം തലശേരി കോടതിയിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ച് പോയി.

ആറ് ദിവസങ്ങൾക്ക് മുൻപേ കാണാതായ പെൺകുട്ടികളെ പാനൂർ സി.ഐ.ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരൂരിൽ കണ്ടെത്തിയത്. 19ന് വീട് വിട്ടിറങ്ങിയത് മുതൽ ഇവർ തിരൂരിലെ മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറി മാറി നിൽക്കുകയായിരുന്നു. പി .എസ്. സി പരീക്ഷ എഴുതാൻ എത്തിയതാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തെതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച്ച തിരൂരിൽ നിന്നും താനൂരിലേക്കു പോയ ഇവർ അവിടെ മുറി കിട്ടാത്തതിനെ തുടർന്നു വീണ്ടും തിരൂരിലേക്കു തിരിച്ചുവരികയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരൂർ ടൂറിസ്റ്റ് ഹോമിൽ എത്തിയ ഇവർക്ക് മുറി നൽകിയ ഹോട്ടൽ ജീവനക്കാർ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇന്ന് ഗതാഗത നിയന്ത്രണം

തലശ്ശേരി: ടൗൺ ഹാൾ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മഞ്ഞോടി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ മേലൂട്ട് ഓവർ ബ്രിഡ്ജ് വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണമെന്ന് ട്രാഫിക് എസ്. ഐ ചന്ദ്രൻ അറിയിച്ചു. ഇന്ന് കാലത്ത് 8 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.