ഉക്കിനടുക്ക (കാസർകോട്): മെഡിക്കൽ കോളജ് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ 95 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തൊട്ട് മെഡിക്കൽ കോളജ് അടക്കമുള്ള ഉന്നത ആരോഗ്യ കേന്ദ്രങ്ങൾ വരേ മികവുറ്റതാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയാണ്. ആശുപത്രികളിൽ രോഗികളുടെ തിരക്ക് നിയന്ത്രിക്കാൻ ഒ.പി രംഗം പരിഷ്കരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെല്ലാം കാത്ത് ലാബ് സൗകര്യം ഒരുക്കുകയാണ്. 28 താലൂക്കാശുപത്രികളെ രോഗീ സൗഹൃദമാക്കി. 155 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റികഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 503 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ആരോഗ്യ മേഖലയിൽ 830 പുതിയ തസ്തികകൾ അനുവദിച്ചത് കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരടക്കം ജീവിക്കുന്ന പ്രത്യേക സാഹചര്യത്തിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നത് കാസർകോടിന്റെ ആരോഗ്യ മേഖലയ്ക്ക് ആശ്വാസമാകും. രാജ്യത്തെ ഏത് മെഡിക്കൽ കോളജിനോടും കിടപിടിക്കുന്നതായിരിക്കും കാസർകോട് മെഡിക്കൽ കോളജെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സ്വാഗതം പറഞ്ഞു. പി. കരുണാകരൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ജില്ലാ കലക്ടർ സജിത് ബാബു, കാസർകോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, ഡി.സി. സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.