കണ്ണൂർ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ആർ.എസ്.എസും ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് സി.പി.എം ദുർബലപ്പെട്ടതിലുള്ള വൈരാഗ്യത്താലാണ് പൊലീസും ഭരണകൂടവും ചേർന്ന് കള്ളക്കേസ് ചുമത്തി തന്നെ ജയിലിലടയ്ക്കുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ പൊലീസ് ചുമത്തിയ കേസിൽ ജാമ്യമെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ രണ്ട് പൊലീസുകാരാണ് തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതിനു പിന്നിൽ. ഇതിനു മുഖ്യമന്ത്രിയുടെ ഉപദേശികളിലൊരാളുടെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കോടതി ഗേറ്റിനു പുറത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ശരണം വിളികളും മുദ്രാവാക്യങ്ങളുമായാണ് സുരേന്ദ്രനെ എതിരേറ്റത്. പുഷ്പവൃഷ്ടിയും നടത്തി. സുരേന്ദ്രന്റെ ഭാര്യ ഷീബ, മകൾ ഗായത്രി എന്നിവരും കോടതിയിലെത്തിയിരുന്നു. രാവിലെ മുതൽ കനത്ത പൊലീസ് കാവലിലായിരുന്നു കോടതി.