കാസർകോട്: സ്വകാര്യ ടെലികോം കമ്പനികൾക്ക് വഴിവിട്ടു സഹായം ചെയ്യുകയും ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബി.എസ്. എൻ.എല്ലിനെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും വാഗ്ദാനലംഘനത്തിനെതിരെയും ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് ഡിസംബർ മൂന്ന് മുതൽ സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാതിരുന്നിട്ടും അവകാശങ്ങളൊന്നും ഉന്നയിക്കാതെ സ്ഥാപനത്തെ സംരക്ഷിക്കാൻ വേണ്ടി നിലകൊണ്ട ജീവനക്കാരെ കബളിപ്പിക്കുന്ന നിലപാടുകളാണ് അധികൃതർ കൈക്കൊള്ളുന്നത്. മൂന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഫോർ ജി സ്പെക്ട്രം അനുവദിക്കുക, പെൻഷൻ പരിഷകരിക്കുക, പെൻഷൻ കോൺട്രിബ്യൂഷൻ യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തി ഈടാക്കുക, രണ്ടാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒന്നേമുക്കാൽ ലക്ഷം വരുന്ന ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങുന്നത്.
സ്വകാര്യ കമ്പനികൾ ഡാറ്റ വിപ്ലവം നടത്തുമ്പോഴും ഫോർ ജി അനുവദിക്കാത്തതും ഫോൺ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകാത്തതും സ്ഥാരപനത്തെ തകർക്കാൻ വേണ്ടിയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കൺവീനർ സി. സന്തോഷ്കുമാർ, കണ്ണൂർ എസ്.എസ്.എ കൺവീനർ രവീന്ദ്രൻ കൊടക്കാട്, കെ. സുഗുണൻ, ബി. ബാലകൃഷ്ണ നായക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.