ചെറുവത്തൂർ: മയ്യിച്ച റെയിൽവേ അടിപ്പാതയുടെ നിലവിലുള്ള സ്ഥിതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ചെറുവത്തൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.ഡി.സി പ്രസിഡന്റ് ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്തു. മയ്യിച്ചയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ദേശീയപാതയുമായി എളുപ്പം ബന്ധപ്പെടാനും രണ്ടു ഭാഗങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനുമായി ഒന്നരവർഷം മുമ്പാണ് അടിപ്പാത നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണത്തിനിടയിൽ മഴവരികയും അടിപ്പാത കുളമായി മാറുകയും ചെയ്തതോടെയാണ് പദ്ധതി വെള്ളത്തിലായത്.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കിക്കൊണ്ടു പാതനിർമ്മാണം ത്വരിതപ്പെടുത്തണമെന്നും, സർവ്വക്ഷിയോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്നലെ ധർണ്ണ സംഘടിപ്പിച്ചത്. വി.വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഡോ. കെ.വി ശശിധരൻ, എം.പി പത്മനാഭൻ, കെ.വി സുധാകരൻ, വി നാരായണൻ, മയ്യിച്ച പി. ഗോവിന്ദൻ,പഞ്ചായത്തംഗങ്ങളായ എം.വി ജയശ്രീ, കെ.പി ശ്രീജ സംസാരിച്ചു. എം.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സഞ്ജീവൻ മടിവയൽ, ഇ.ടി രവി, ജയപ്രകാശ് നേതൃത്വം നൽകി.