തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ അരങ്ങുണരും. ത്രിദിന മേളയിൽ 15 സബ് ജില്ലകളിൽ നിന്നായി 5,798 കുട്ടികൾ പ്രതിഭയുടെ മാറ്റുരയ്ക്കാനുണ്ടാവും.
ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളിലും അറബി സാഹിത്യത്തിൽ 19 ഇനങ്ങളിലും സംസ്കൃതത്തിൽ 19 ഇനങ്ങളിലുമാണ് മത്സരം. 18 വേദികളിലായാണ് മത്സരം നടക്കുകയെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. സുമേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമ്മലാദേവി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ഇ.എം.പി സ്കൂൾ, ബ്രണ്ണൻ, സെന്റ് ജോസഫ്സ്, മുബാറക്, ചിറക്കര, തിരുവങ്ങാട്, വലിയ മാടാവ് തുടങ്ങി എട്ടു വിദ്യാലയങ്ങളിലാണ് കലാമത്സരങ്ങൾ അരങ്ങേറുക. ഭക്ഷസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് ഗവ. ഗേൾസ് സ്കൂളിലാണ്.
ഉപകരണ സംഗീതം, ബാൻഡ് മേളം, പൂരക്കളി, കഥകളി, ചാക്യാർകൂത്ത്, ചവിട്ടുനാടകം തുടങ്ങിയ ഇനങ്ങൾക്ക് ചില സബ് ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടാകില്ല. രാവിലെ 9.30 ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
ഉദ്ഘാടനസമ്മേളനവും സമാപനച്ചടങ്ങും ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ദിവസവും വിഭവസമൃദ്ധമായ സദ്യയായിരിക്കുമെന്ന് ഭക്ഷണ കമ്മിറ്റി കൺവീനർ കെ.രമേശൻ പറഞ്ഞു.
ഡി.ഇ.ഒ ശശീന്ദ്ര വ്യാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ജയരാജൻ, സൗത്ത് എ.ഇ.ഒ പി.പി. സനകൻ, പി.ടി.എ പ്രസിഡന്റ് നവാസ് മേത്തർ, ബ്രണ്ണൻ സ്കൂൾ പ്രിൻസിപ്പൽ കെ.ജെ മുരളീധരൻ, പ്രധാനാദ്ധ്യാപകൻ കെ. രമേശൻ, വി. പ്രസാദൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.