കൂത്തുപറമ്പ്: ഒരു കാലത്ത് തറികളുടെ കേന്ദ്രമായിരുന്ന മാങ്ങാട്ടിടം പഞ്ചായത്തിൽ ഹാൻവീവ് സഹായത്തോടെ കൈത്തറി വ്യവസായം പുനർജനിക്കുന്നു. 'ഒരു വീട്ടിൽ ഒരു തറി' എന്ന പദ്ധതിയുടെ ഭാഗമായി 160 തറികൾ വീടുകളിൽ സ്ഥാപിച്ചു.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കടന്ന് വരവിന് മുൻപ് നിരവധി നെയ്ത് കമ്പനികൾ പ്രവർത്തിച്ചിരുന്ന പഞ്ചായത്തിലാണ് കൈത്തറിയുടെ പ്രതാപം തിരിച്ചെത്തുന്നത്.
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം നൽകാനുള്ള സർക്കാർ തീരുമാനമാണ് കൈത്തറിയ്ക്ക് പുതുജീവൻ നൽകുന്നത്.
ഹാൻവീവ്, ഹാൻടെക്സ് അടക്കമുള്ള ഏജൻസികളിലൂടെ 40 ലക്ഷത്തോളം മീറ്റർ തുണിയാണ് സംസ്ഥാനത്ത് നിന്നും ശേഖരിക്കുക. സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾക്ക് കൈത്തറി നെയ്ത്തിൽ പ്രത്യേക പരിശീലനം നൽകിയാണ് ഉത്പാദനം. പദ്ധതിയ്ക്കായി മാങ്ങാട്ടിടം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ഫണ്ടും നീക്കിവച്ചിരുന്നു. ഹാൻവീവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിലവാരമില്ലാത്ത കൈത്തറി തുണികൾ വില കുറച്ച് വിൽക്കുന്നതും കൈത്തറിയുടെ നിലനിൽപ്പിനെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. പാവ്, നൂൽ എന്നീ അസംസ്കൃത വസ്തുക്കൾ എത്തിക്കാനും ഉത്പന്നം തിരിച്ചെടുക്കാനുള്ള സൗകര്യവും ഹാൻവീവ് ഒരുക്കിയിട്ടുണ്ട്.