എസ്.ഐയെ വധിക്കാൻശ്രമിച്ച കേസിൽ മുഖ്യപ്രതി
തളിപ്പറമ്പ്: വായാട് അബ്ദുൾഖാദർ വധക്കേസിലും പരിയാരം എസ്.ഐയായിരിക്കെ കെ.എം.രാജനെ വധിക്കാൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയായ കോരൻപീടികയിലെ മാടാളൻ വള്ളിയോട്ട് എം.വി.ലത്തീഫ് (37) പയ്യന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. മജിസ്ട്രേട്ട് പ്രതിയെ റിമാൻഡ് ചെയ്തു.
ലത്തീഫിനെതിരെ 23 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വായാട് അബ്ദുൾഖാദറെ അടിച്ചുകൊന്നത് 2017 ജനുവരി 25 നായിരുന്നു. പിന്നീട് വ്യാജപാസ്പോർട്ടിൽ കുവൈത്തിലേക്ക് കടന്ന ലത്തീഫിനെ പിടികൂടുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ജൂലായ് അഞ്ചിന് കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. എന്നാൽ, ജൂലായ് 14 ന് തലശ്ശേരി സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയതോടെ ഇയാൾ ഒളിവിൽ മുങ്ങി. കഴിഞ്ഞ ആറു മാസമായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ലത്തീഫ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയത്.
എട്ടു വർഷം മുമ്പ് കോരൻപീടിക പരിയാരം കോ ഓപ്പറേറ്റിവ് ബാങ്കിന് നേരെയും പിന്നീട് പരിയാരം യുവധാര ക്ലബ്ബിന് നേരെയും അക്രമം നടത്തിയ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോരൻപീടികയിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിക്കുകയും പിക്കപ്പ് വാൻ തകർക്കുകയും ചെയ്ത കേസാണ് മറ്റൊന്ന്.കോരൻപീടികയിൽ വെച്ച് പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലും പ്രതിയാണ്. സി.പി.എം അനുഭാവികളുടെ വീട് അക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലും അവിടെ നിന്ന് ആറ് പവൻ സ്വർണം കവർച്ച നടത്തിയ കേസിലും ഇയാൾ പ്രതിപ്പട്ടികയിലുൾപ്പെടും. ഓണപ്പറമ്പിൽ കാന്തപുരം സുന്നി വിഭാഗത്തിന്റെ മദ്രസയ്ക്ക് നേരെ നടന്ന അക്രമത്തിലും ലത്തീഫ് ഉൾപ്പെട്ടിരുന്നു. മൂന്നു വർഷം മുമ്പ് ജില്ലാ പൊലീസ് ചീഫിന്റെ ഷാഡോ സംഘത്തെ ആക്രമിച്ചിരുന്നു. 16.5.15 ന് പരിയാരം എസ് ഐ കെ.എം.രാജനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. 2015 മേയ് 16നായിരുന്നു ആ സംഭവം.