കണ്ണൂർ: ദേശീയപാത കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് 3 ഡി വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബി.ജെ.പി നേതൃത്വം മാപ്പ് പറയണമെന്ന് സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി പി .ജയരാജൻ ആവശ്യപ്പെട്ടു. വയൽക്കിളി സമരക്കാരെയടക്കം വഞ്ചിച്ചിരിക്കയാണ് ബി.ജെ.പിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കീഴാറ്റൂരിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തെല്ലാം പ്രചാരവേലകളാണ് നടന്നത്. സി.പി എമ്മിനെ ഒതുക്കാം എന്ന ധാരണയോടെ വിരുദ്ധ ശക്തികളാകെ ഒത്തുചേരുന്ന കാഴ്ചയാണ് കീഴാറ്റൂരിൽ കണ്ടത്. മുഖ്യധാരാ മാദ്ധ്യമങ്ങളും വയൽക്കിളി സമരത്തെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി മുഖപത്രം കീഴാറ്റൂരിൽ നന്ദിഗ്രാം ആവർത്തിക്കുമെന്നു പ്രഖ്യാപിച്ചാണ് സമരത്തെ പിന്തുണച്ചത്. ബി.ജെ.പിയാവട്ടെ സിംഗൂരിലെ മണ്ണാണെന്ന് പറഞ്ഞ് ഒരു പ്രദർശന തട്ടിപ്പുകൂടി നടത്തി. ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം നയിച്ച 'കർഷകരക്ഷാമാർച്ച്' നാടകവും എല്ലാവരും കണ്ടതുമാണ്. ഇതേ നേതാവാണ് വളപട്ടണം– ചാല ബൈപ്പാസ് വാരംവയൽ വഴിയാക്കാൻ 2015ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയത്.
ഇവരെല്ലാം ചേർന്ന് വികസനത്തിനെതിരായി പറഞ്ഞ കാര്യങ്ങൾ നാടിന്റ പുരോഗതിക്ക് വിലങ്ങുതടിയാണെന്ന് വന്നിരിക്കുന്നു. വി. എം സുധീരനെപ്പോലെയുള്ള കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി രംഗത്തെത്തി. ആലപ്പുഴ ബൈപ്പാസിനു വേണ്ടി നെൽവയൽ നികത്തിയപ്പോൾ അനുകൂലിച്ച സുധീരന്റെ ഇരട്ടത്താപ്പാണ് കണ്ടത്. ബി.ജെ.പി സംസ്ഥാന നേതാക്കൾ ഒന്നാകെ കീഴാറ്റൂരിലെത്തി പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രം ഇടപെടുമെന്ന വ്യാജ വാഗ്ദാനം നൽകുകയും ചെയ്തു.
ദേശീയപാത വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്രയും വലിയ ഗതാഗതക്കരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കണ്ണൂർ വിമാനത്താവളം തുറക്കുന്നതോടെ ഈ കുരുക്ക് കൂടുതൽ ശക്തിപ്പെടും. അതിനാൽ തങ്ങൾ എടുത്ത തെറ്റായ നിലപാടുകൾ തിരുത്തി അതിവേഗം ദേശീയപാതയുടെ വികസനം സാധ്യമാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർടികളും ജനങ്ങളാകെയും മുന്നോട്ട് വരണം.
വയൽക്കിളി സമരത്തിന് ഇനി ഒരു പ്രസക്തിയുമില്ലെന്നും വയൽകിളികൾ പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി. ജയരാജൻ പറഞ്ഞു. തെറ്റായ നിലപാട് തിരുത്തി തിരിച്ചുവന്നാൽ വയൽകിളികളെ സി.പി. എം സ്വീകരിക്കുമെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.