കാസർകോട്: നബിദിനത്തിൽ ദേശീയപാതയിൽ അനുമതിയില്ലാതെ ബൈക്ക് റേസിംഗ് നടത്തിയ സംഭവത്തിൽ രണ്ടു കൗമാരക്കാർ ഉൾപ്പെടെ എട്ടു പേർ അറസ്റ്റിലായി. മീപ്പുഗിരിയിലെ അനസ് (25), ചൂരിയിലെ അബ്ദുൽ അഷ്ഫാഖ് (22), മൻസൂർ കാളിയങ്ങാട് (18), അബ്ദുൽ നഈം കാളിയങ്ങാട് (22), ചൂരിയിലെ മുഹമ്മദ് മസ് ഊദ് (22), ചൂരിയിലെ മുഹമ്മദ് സൽമാൻ (20) എന്നിവരെയും 17 കാരായ രണ്ടു പേരെയുമാണ് കാസർകോട് ടൗൺ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റോഡ് തടസ്സപ്പെടുത്തി ബൈക്ക് റേസിംഗ് നടത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നതിന് അൻപതോളം പേർക്കെതിരെയാണ് കേസ്.
തലയ്ക്കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്
കാസർകോട്: സീനിയർ വിദ്യാർത്ഥികളുടെ അടിയേറ്റ് ഉപ്പള കലാം കോളജിലെ പ്ലസ് ടു വിദ്യാർത്ഥി ഹൊസങ്കടി കജെ റോഡിലെ ഹമീദിന്റെ മകൻ എൻ.എച്ച്. യൂസുഫ് സഫ്‌വാനെ (17) കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിരുദ വിദ്യാർത്ഥികൾ സ്റ്റീൽ പാത്രം കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്പിച്ചതായാണ് പരാതി. തലയ്ക്ക് ഏഴ് തുന്നലുണ്ട്. പൊലീസ് കേസെടുത്തു.