കാസർകോട്: തൃശൂർ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുൽ ഖാദർ ബാനു ദമ്പതികളുടെ മകനും മുംബൈയിൽ വെബ് ഡിസൈനറുമായ ഇ.കെ. മുഹമ്മദലി(24)യുടെ ദാരുണ മരണത്തിൽ നാട് തേങ്ങുന്നു. തിങ്കളാഴ്ച രാത്രി 11.15ഓടെ കളനാട് റെയിൽവേ തുരങ്കത്തിലാണ് മുഹമ്മദലി നേത്രാവതി എക്‌സ്പ്രസിൽ നിന്നും വീണ് മരിച്ചത്. മുംബൈ സ്വദേശിനി താഹിറയെ വിവാഹം ചെയ്തതിന്റെ ഒന്നാം വാർഷികത്തിലായിരുന്നു അപകടം. വിവാഹ ശേഷം മുംബൈയിൽ വെബ്ഡിസൈനറായിരുന്നു ഇവർ. ഒരാഴ്ച മുമ്പ് ഭാര്യയ്‌ക്കൊപ്പം അവധിക്ക് തൃശൂരിലെ വീട്ടിലെത്തി മടങ്ങിപ്പോകുന്നതിനിടെയായിരുന്നു ദുരന്തം. സുഹൃത്തുക്കൾക്കൊപ്പം വിവാഹ വാർഷികാഘോഷ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. വിവാഹ വാർഷികാഘോഷം കഴിഞ്ഞ് സുഹൃത്തുക്കൾ തന്നെയാണ് ഇരുവരെയും തൃശൂർ റെയിൽവേ സ്‌റ്റേഷനിലെത്തിച്ച് തീവണ്ടി കയറ്റി വിട്ടത്. ആറു മണിക്കൂറിന് ശേഷം ട്രെയിനിലെ പാൻട്രിയിലേക്ക് വെള്ളം വാങ്ങാനായി പോകുമ്പോൾ അബദ്ധത്തിൽ ഡോർ വന്നിടിച്ച് പുറത്തേക്ക് മുഹമ്മദലി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭർത്താവിന്റെ മരണ വിവരമറിയാതെ താഹിറ ട്രെയിനിൽ യാത്ര തുടരുകയും മംഗളൂരുവിൽ എത്തിയപ്പോൾ ഭർത്താവിനെ കാണാനില്ലെന്ന വിവരം അറിയുകയുമായിരുന്നു. മംഗളൂരുവിൽ ഇറങ്ങി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒരു യുവാവ് ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ താഹിറ കാസർകോട് ജനറൽ ആശുപത്രിയിലെത്തി മൃതദേഹം ഭർത്താവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രിയതമന്റെ ചേതനയറ്റ മുഖം കാണാനാകാതെ ദുഃഖം അണപൊട്ടി കരഞ്ഞതോടെ ആർക്കും അവരെ ആശ്വസിപ്പിക്കാനായില്ല.19 കാരിയായ താഹിറയ്ക്ക് സംഭവിച്ചത് അപ്രതീക്ഷിത ദുരന്തമായിരുന്നു. തൃശൂരിൽ നിന്നും മാതൃസഹോദരി ഖദീജ, ബന്ധു സിദ്ദീഖ്, സഹോദരങ്ങളായ യാസർ, ഷാനവാസ് എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.