ഇരിട്ടി : കൊട്ടിയൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആന ചന്ദ്രശേഖരന്റെ കൊമ്പ് മുറിച്ചുമാറ്റി. വനംവകുപ്പിന്റെ അനുമതിയോടെ വിദഗ്ധരായ തൊഴിലാളികളാണ് ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നിശ്ചിത അളവിൽ കൊമ്പ് മുറിച്ച് നീക്കിയത്. കോന്നി ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ. സി .എസ്. ജയകുമാർ, ഡോ. അരുൺ സക്കറിയ, വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ. ബി. അരുണേഷ്, സി. രാജീവൻ , എം. ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ എറണാകുളം സ്വദേശി വിനയ കുമാർ ചന്ദ്രശേഖരന്റെ കൊമ്പ് മുറിച്ചു മാറ്റിയത്. മുറിച്ച് മാറ്റിയ കൊമ്പ് വനം വകുപ്പ് സൂക്ഷിക്കും.
64 വയസുള്ള ചന്ദ്രശേഖരന് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ കൊമ്പ് വളർന്നതിനെ തുടർന്ന് ആറ് മാസം മുമ്പ് നിശ്ചിത അളവിൽ കൊമ്പ് മുറിക്കുന്നതിന് ദേവസ്വം വനംവകുപ്പിന് അപേക്ഷ നൽകിയിരുന്നു. പ്രായാധിക്യം കാരണം പല്ലുകൾ കൊഴിഞ്ഞ അവസ്ഥയിൽ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ആനയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിരുന്നു.ആനക്ക് വിയർപ്പ് ഗ്രന്ഥികളില്ലാത്തതിനാൽ തുമ്പികൈയിൽ നിന്നുള്ള സ്രവം ശരീര ഭാഗങ്ങളിൽ ചീറ്റിയാണ് ശരീരത്തിലെ ഉഷ്മാവ് നിയന്ത്രിക്കുന്നത്. എന്നാൽ കൊമ്പ് നിശ്ചിത അളവിൽ കൂടുതൽ വളർന്നിരുന്നതിനെ തുടർന്നു ചന്ദ്രശേഖരന് അതിന് പ്രയാസം സൃഷ്ടിച്ചിരുന്നു . ഇതേ തുടർന്നായിരുന്നു ദേവസ്വം അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയത്.