കണ്ണൂർ: വർഗ്ഗീയ മുക്തഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും പി.കെ. ഫിറോസിന്റെയും നേതൃത്വത്തിലെത്തിയ മുസ്ലിംയൂത്ത് ലീഗ് യുവജനയാത്രയ്ക്ക് കണ്ണൂർ നഗരത്തിൽ രാജകീയ വരവേൽപ്പ്.

സ്റ്റേഡിയം കോർണ്ണറിൽ നടന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുൾ ഖാദർ മൗലവി, അബ്ദുറഹിമാൻ കല്ലായി, ഡി.സി.സി പ്രസിഡന്റ് സതീഷൻ പാച്ചേനി, ശ്യാംസുന്ദർ, കരീം ചേലേരി പ്രസംഗിച്ചു.
രാവിലെ ധർമ്മശാലയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ജില്ലാ മുസ്ലിംലീഗ് ട്രഷറർ വി.പി. വമ്പൻ ഉദ്ഘാടനം ചെയ്തു. ജാഥാ ഡയരക്ടർ എം.എ.സമദ്, കോ ഓർഡിനേറ്റർ നജീബ് കാന്തപുരം, പി.കെ.സുബൈർ,പി.വി.ഇബ്രാഹിം, സമീർ പറമ്പത്ത് പ്രസംഗിച്ചു.
യാത്ര ഇന്നുരാവിലെ 8 ന് തോട്ടട എസ്.എൻ കോളജ് പരിസരത്തു നിന്നാരംഭിക്കും. 12.30ന് എടക്കാട് ഹൈവേയിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് തലശ്ശേരിയിൽ സമാപിക്കും.

രാവിലെ പരിയാരം നന്മ മഠം ക്ഷേത്ര ഭാരവാഹികളുടെ ക്ഷണപ്രകാരം ക്ഷേത്ര മുറ്റത്ത് കെട്ടിയാടിയ വിഷ്ണു മൂർത്തി തെയ്യത്തിന്റെ അനുഗ്രഹം നേടിയ ശേഷമാണ് ധർമ്മശാലയിൽ എത്തിയത്.