മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കം അവസാനഘട്ടത്തിൽ. വിമാനത്താവളം വാണിജാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്തിൽ നിന്നു സാധനങ്ങൾ ഇറക്കാനും കയറ്റാനും കാർഗോ കോംപ്ലക്‌സിലെത്തിക്കാനുമുള്ള യന്ത്രങ്ങളാണ് വിമാനത്താവളത്തിലെത്തിച്ചത്.
ഫ്രാൻസിൽ നിന്നു കപ്പൽ മാർഗം ചെന്നൈയിലെത്തിച്ച യന്ത്രങ്ങൾ റോഡ് മാർഗമാണ് വിമാനത്താവളത്തിലെത്തിച്ചത്. ആറു ട്രക്കുകളിലായാണ് ആദ്യം യന്ത്രങ്ങൾ വിമാനത്താവളത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രക്ക് വിമാനത്താവളത്തിലെത്തിച്ചതോടെ കൂത്തുപറമ്പിൽ നിന്നെത്തിയ ക്രെയിൻ ഉപയോഗിച്ചാണ് ആധുനിക യന്ത്രങ്ങൾ ഏപ്രണിൽ ഇറക്കി വച്ചത്. എയർ ഇൻഡ്യ എക്‌സ് പ്രസ് കമ്പനിക്കാവശ്യമായ യന്ത്രങ്ങളാാണ് എത്തിച്ചത്. അടുത്ത ദിവസം നാലു ട്രക്കിൽ കൂടി യന്ത്രങ്ങൾ എത്തും. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ ഇരിപ്പിടം ഒരുക്കുന്നതിനു 25,000 സീറ്റുകളാണ് ചെന്നൈയിൽ നിന്നു വിമാനത്താവളത്തിലെത്തിച്ചിട്ടുള്ളത്.
ബിൽഡിംഗിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി തൊഴിലാളികളെ ഉപയോഗിച്ചു സീറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നു വരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാാണ് ശ്രമം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിനുള്ള പന്തലിന്റെ നിർമാണ പ്രവൃത്തിയും പൂർത്തിയായി വരുന്നുണ്ട്. എ.സി.ടി കെട്ടിടത്തിനു സമീപത്തായാണ് കൂറ്റൻ പന്തൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിലേക്ക് നിയമിച്ച ക്ലീനിംഗ് തൊഴിലാളികൾക്കുള്ള പരിശീലനവും ടെർമിനൽ ബിൽഡിംഗിൽ നടക്കുന്നുണ്ട്.