തൃക്കരിപ്പൂർ: ഇതിവിടുത്തെ സ്ഥിരം കാഴ്ച്ച .... മഴക്കാലം കഴിഞ്ഞാൽ പ്രദേശത്തെ കർഷകർ പുഴയ്ക്കുകുറുകെ ബണ്ട് കെട്ടും. മാസങ്ങൾ കഴിയുന്നതോടെ കർഷകർ കെട്ടിയ തടയണ മഴ തകർത്തെറിയും.
തൃക്കരിപ്പൂർ, കരിവെള്ളൂർ പഞ്ചായത്തുകളുടെ അതിർത്തിയായി ഒഴുകുന്ന കുണിയൻ പുഴയിലാണ് കർഷകരും മഴയും തമ്മിലുള്ള ഈ 'പോര്'. കരിവെള്ളൂർ പഞ്ചായത്തിലെ കുണിയൻ, പടിഞ്ഞാറേക്കര, തൃക്കരിപ്പൂർ പഞ്ചായത്തിലെ കൊയോങ്കര, എടാട്ടുമ്മൽ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനായി കവ്വായി കായലിന്റെ കൈവഴിയായി ഒഴുകുന്ന കുണിയൻ പുഴയ്ക്ക് കുറുകെ ഒരു ഷട്ടർ കം ബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കം. നിരവധി തവണ കർഷകർ അതത് പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നിലും സർക്കാരിന്റെ മുന്നിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും അതൊക്കെ ബധിരകർണ്ണങ്ങളിൽ പതിച്ച അവസ്ഥയിലാണ്.
നൂറുക്കണക്കിന് ഏക്കർ നെൽകൃഷി ചെയ്യുന്ന പാടശേഖരമാണ് കുണിയൻ പുഴയുടെ തീരം. പുഴയിലൂടെ എത്തുന്ന ഉപ്പുവെള്ളം നെൽകൃഷിക്കാർക്ക് എന്നും ഭീഷണിയാണ്. ഉപ്പുവെള്ളം കയറി കൊയ്യാറായ കൃഷി പാടെനശിച്ച സംഭവങ്ങൾ നിരവധി. അതുകൊണ്ടാണ് മഴ മാറുന്നതോടെ ആരെയും കാത്തുനിൽക്കാതെ കർഷകർ പുഴയിൽ തടയണ കെട്ടുന്നത്. രണ്ടാം വിളക്കുള്ള ഞാറുനടൽ മുതലുള്ള പ്രവർത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.
പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് തടയണ കെട്ടുന്ന പതിവ് ദശാബ്ദങ്ങളായി തുടരുന്നു. നാടിന്റെ നട്ടെല്ലായ കർഷകരുടെ പ്രശ്നത്തിനു പരിഹാരം കാണാൻ ഇരുപഞ്ചായത്തുകളും മുൻകൈ എടുത്ത് കാർഷിക വകുപ്പിന്രെ സഹകരണത്തോടെ ഷട്ടർ കം ബ്രിഡ്ജ് പണിയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.