കണ്ണൂർ: മോഷ്ടിച്ച കാറുമായി നഗരത്തിലൂടെ കറങ്ങിയ പതിനേഴുകാരനെ പൊലീസ് പിടികൂടി. ബൂധനാഴ്ച്ച രാത്രി കണ്ണൂർ കാൽടെക്സിനു സമീപം ടൗൺ സി.എെ ടി.കെ. രത്നകുമാർ, എസ്.എെ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ പച്ച കള‌ർ മാരുതി 800 കാ‌ർ പൊലീസ് സംഘം പിന്തുടരുകയായിരുന്നു.

കാൽടെക്സിലെ സിഗ്നൽ വെട്ടിച്ച് അശോകാ റോഡിലേക്ക് അതിവേഗം ഒാടിച്ചു പോയ കാറിനെ പൊലീസ് പിന്തുടരുകയും പൊലീസ് അടുത്തെത്തിയെന്ന് മനസിലാക്കിയ യുവാവ് കാർ വഴിയിൽ ഉപേക്ഷിച്ച് ഒാടി രക്ഷപ്പെടുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച്ച റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും കാണാതായ കാറാണിതെന്ന് അന്വേഷണത്തിൽ പൊലീസിനു മനസിലായി.

കമ്പിൽ സ്വദേശിയായ പതിനേഴുകാരന്റെ പേരിൽ ജുവനൈൽ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.