തലശ്ശേരി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രക്ക് തലശ്ശേരിയിൽ ഉജ്വല വരവേൽപ്പ്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ആസിഫ് മട്ടാമ്പ്രത്തിന്റെ സ്മരണയിൽ ഉയർന്ന പൊതുസമ്മേളന നഗർ അക്ഷരാർത്ഥത്തിൽ പച്ചക്കടലായി മാറി. വീനസ് കോർണറിൽ നേതാക്കളായ അഡ്വ.കെ.എ.ലത്തീഫ് ,അഡ്വ.പി വി.സൈനുദ്ദീൻ, റഹ്ദാദ് മൂഴിക്കര ,എൻ.എ.കരീം, പൊട്ടങ്കണ്ടി അബ്ദുള്ള, എ.കെ.ആബൂട്ടി ഹാജി, വി.കെ.മുഹമ്മദ്, ഇ.പി.ഷംസുദ്ദീൻ, അഡ്വ.മുഹമ്മദലി, സി.കെ.നജാഫ്,ഷക്കീർ മൗവ്വഞ്ചേരി ,പി പി.എ.ഹമീദ്, സി.കെ.പി.മമ്മു തുടങ്ങിയവർ ജാഥയെ വരവേറ്റു. ആയിരങ്ങൾ അണിനിരന്ന പ്രകടനം തലശ്ശേരി കോടതി, പഴയ ബസ് സ്റ്റാൻഡ്, ലോഗൻ സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റിൽ പൊതു സമ്മേളന നഗരിയിൽ എത്തചേർന്നു. മോട്ടോർ ബൈക്ക് റാലി, വിളംബര ജാഥ, വാഹനജാഥ എന്നിവ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തി.
തലശ്ശേരി നഗരം വൈദ്യുത അലങ്കാരം കൊണ്ടും കൊടി, തോരണം കൊണ്ടും ഹരിതാഭമായി.വൈറ്റ്ഗാഡ് വളണ്ടിയർമാരും മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളും പ്രവർത്തകരും യാത്രയെ അനുഗമിച്ചു. സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സിറാജ് സേട്ട്, യുത്ത് ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷൻ അഡ്വ.ഫൈസൽ ബാബു എന്നിവർ സംസാരിച്ചു കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ മുഖ്യാതിഥിയായി .
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
ശ്രീകണ്ഠാപുരം: ചെമ്പേരിക്കടുത്ത കരിവെള്ളേരി കവലയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ പുളിമരം ചിത്തയിൽ താമസക്കാരനായ മുക്കമ്പാക്കൽ സന്തോഷ് (42) മരിച്ചു. രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം. പരിക്കേറ്റ സന്തോഷിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഞ്ചിയം സ്വദേശിയായ സന്തോഷ് പുളിമരം ചിത്തയിൽ വാടകക്കാണ് താമസിക്കുന്നത്. കൂലിത്തൊഴിലാളിയാണ്.ഭാര്യ സൗമ്യ, മക്കൾ മിലൻ ,മെറിൻ (ഇരുവരും വിദ്യാർത്ഥികൾ)