തൃക്കരിപ്പൂർ: നൂറുക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തി സമാന്തര മത്സ്യമാർക്കറ്റ് അനുവദിച്ച തൃക്കരിപ്പൂർ പഞ്ചായത്ത് നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ മുന്നോടിയായി ഇന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
ലക്ഷക്കണക്കിന് രൂപയ്ക്ക് മാർക്കറ്റ് ലേലം ചെയ്തുകൊടുത്ത ശേഷം ബീരിച്ചേരിയിൽ സ്വകാര്യവ്യക്തിക്ക് മൊത്തകച്ചവടത്തിനും ചില്ലറ വ്യാപാരത്തിനും സൗകര്യം ചെയ്തുകൊടുത്തതോടെ പഞ്ചായത്ത് മാർക്കറ്റിലെ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായ സ്ഥിതിയാണ്. രണ്ടാഴ്ച്ച മുമ്പാണ് ബീരിച്ചേരിയിൽ മീൻ വിൽപ്പന കേന്ദ്രം ആരംഭിച്ചത്. ഇതോടെ പഞ്ചായത്ത് മാർക്കറ്റിൽ
മീൻവാങ്ങാൻ ആളില്ലാതായി. പരിസരത്തെ പച്ചക്കറിയടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും വിറ്റുവരവ് തീരെ കുറഞ്ഞു. പരിസരത്തു തന്നെയുള്ള വെള്ളാപ്പ് ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളെയും ഇതു സാരമായി ബാധിച്ചു. മാർക്കറ്റും പരിസരവും വിജനമായ സ്ഥിതിയായി.
നിരവധികുടുംബങ്ങളുടെ നിലനിൽപ്പുതന്നെ ദയനീയമായതോടെയാണ് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ സമരമുഖത്തേക്ക് ഇറങ്ങുന്നത്. പഞ്ചായത്ത് പരിധിക്കകത്ത് ഒരു മാർക്കറ്റ് നിലവിലിരിക്കെ മറ്റൊന്നിനു കൂടി അനുമതി നൽകിയത് നിയമ വിരുദ്ധമാണെന്നാണ് ആക്ഷേപം. മാത്രമല്ല ഈ നീക്കത്തിനുപിന്നിൽ ചില വ്യക്തിതാൽപ്പര്യങ്ങൾ ഉണ്ടെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. പഞ്ചായത്ത് നടപടി പിൻവലിച്ച് സാധാരണക്കാരന്റെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്താനുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.