കാഞ്ഞങ്ങാട്: സ്ത്രീസുരക്ഷാനിയമങ്ങൾക്ക് പല്ലും നഖവും വേണമെന്ന് വനിതാകമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ഗാർഹിക പീഡനനിരോധന നിയമം മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യയിലെമ്പാടും സ്ത്രീകൾ അനുഭവിക്കുന്ന സൗകര്യങ്ങൾ നിരവധി പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്തതാണ്. ഇന്നത്തെ തലമുറയ്ക്ക് അതുസംബന്ധിച്ച് പരിമിതമായ അറിവേ ഉള്ളൂ.
33 ശതമാനം സംവരണം നിലവിൽ വന്നിട്ടും ഭൂരിപക്ഷം പുരുഷന്റെ കൈയിലാണ്. സ്ത്രീ വിരുദ്ധതയുടെ അവതരണങ്ങൾ പല രൂപത്തിൽ, ഭാവങ്ങളിൽ, ഭാഷയിൽ കൊണ്ടാടപ്പെടുകയാണ്. അതേ സമയം മീടൂ ക്യാമ്പയിന്റെ കടന്നുവരവ് ഏറെക്കുറെ പുരുഷൻമാരുടെ സമീപനങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു നല്ല തുടക്കമാണെന്നും വനിതാകമ്മീഷൻ പൂർണമായും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആധുനിക ശാസ്ത്രസാങ്കേതിക ലോകത്ത് ക്രൂരമായ സൈബർ ആക്രമണങ്ങളാണ് സത്രീകൾ നേരിടുന്നത്. കൊച്ചിയിലെ സൈബർ ആക്രമണങ്ങൾക്ക് വിധേയയായ ഹനാൻ എന്ന പെൺകുട്ടി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇതിനെതിരെ ശക്തമായ നിയമംകൊണ്ടുവരാൻ നമ്മുടെ ഗവൺമെന്റിന് സാധിക്കണമെന്നും എം സി ജോസഫൈൻ പറഞ്ഞു.