കണ്ണൂർ:കേരള ഫോക്ക്ലോർ അക്കാഡമി 2016 ലെ അവാർഡ് വിതരണം നാളെ വൈകീട്ട് 4 ന് തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ നിർവഹിക്കും.നാട്ടുകലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച 73 കലാകാരന്മാരെയാണ് അവാർഡ് നൽകി ആദരിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പരിപാടിയുടെ ഭാഗമായി വൈകീട്ട് മൂന്നിന് എരഞ്ഞോളി മൂസയുടെയും സംഘത്തിന്റെയും മാപ്പിളപ്പാട്ടും നാടൻപാട്ടിനും ശേഷം പി.ഡി.ഷാ അവതരിപ്പിക്കുന്ന കുത്തിയോട്ടവും അരങ്ങേറും.പി.കെ.ശ്രീമതി എം.പി,കെ.കെ.രാഗേഷ് എം.പി,ടി.വി.രാജേഷ് എം.എൽ.എ ,തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ.രമേശൻ എന്നിവർ മുഖ്യാതിഥികളാകും.വാർത്താസമ്മേളനത്തിൽ ഫോക്ക്ലോർ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ,വൈസ് ചെയർമാൻ എരഞ്ഞോളി മൂസ,കാത്താണ്ടി റസാക്ക് ,ജയ്സൺ എന്നിവർ സംബന്ധിച്ചു.

ടി.ടി.കെ. ദേവസ്വം നിയമനത്തിൽ അട്ടിമറിയെന്ന്

കണ്ണൂർ:മലബാർ ദേവസ്വം ബോർഡിന്റെ നിയമവും കീഴ് വഴക്കങ്ങളും ലംഘിച്ചാണ് ടി.ടി.കെ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ഇപ്പോൾ നിയമിച്ചിട്ടുള്ളതെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മൂന്ന് തസ്തികകളിൽ ഒന്നിൽ പട്ടിക വിഭാഗത്തിൽപെട്ട ഒരാളെയാണ് നാളിതുവരെയായി നിയമിച്ചിട്ടുള്ളത്.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പട്ടിക വിഭാഗത്തിൽ ആരും ഉണ്ടാവാത്തതിനാലാണ് സംവരണം പാലിക്കാൻ കഴിയാതെ വന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തസ്തികയിലേക്ക് പട്ടിക ജാതിക്കാരും അപേക്ഷ നൽകിയിരുന്നു.എന്നാൽ ആകെ അഞ്ച് പേർക്കാണ് ഇന്റർവ്യൂ കാ‌ർഡ് കിട്ടിയത്.ഇതിൽ തളിപ്പറമ്പിലുള്ള ഒരു പട്ടിക ജാതിക്കാരന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുരൂഹതയുണ്ട്. ടി.ടി.കെ ദേവസ്വം ബോർഡിൽ ഇപ്പോൾ നിയമിച്ചിട്ടുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനം റദ്ദ് ചെയ്ത് പട്ടിക ജാതി വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തണമെന്നും വാ‌ർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.അജിത്ത് മാട്ടൂൽ,കാട്ടാമ്പള്ളി രാമചന്ദ്രൻ,എ.എൻ.ആന്തൂരാൻ,കെ.ദാമോദരൻ കൊയിലേരിയൻ എന്നിവർ പറഞ്ഞു.

ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്

കണ്ണൂർ:ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെയും ഗോഡ്സ് ജിംനേഷ്യത്തിന്റെയും ആഭിമുഖ്യത്തിൽ പോത്തേരി രാഘവൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പ് നാളെ പള്ളിക്കുന്ന് വനിതാ കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.വിനീഷ് മുഖ്യാതിഥിയാകും.കണ്ണൂർ ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളിൽ നിന്നായി സംസ്ഥാന ചാമ്പ്യൻമാരുൾപ്പെടെ 300 ഒാളം പുരുഷ വനിതാ താരങ്ങൾ സബ് ജൂനിയർ ,ജൂനിയർ ,സീനിയ‌ർ വിഭാഗങ്ങളിൽ മത്സരിക്കും.ബെസ്റ്റ് ലിഫ്റ്റർ ഒാഫ് കണ്ണൂരിനെയും എട്ടിനും ഒൻപതിനും ഇടുക്കിയിൽ നടക്കുന്ന സീനിയർ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാടീമിനെയും ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.വാർത്താസമ്മേളനത്തിൽ ബിനോയ് മാട്ടേൽ,പി.കെ.പ്രതീപ്,എ.എം.ലിഷാന്ത്,എ.പി.സൂരജ്,കെ.വി.ഷാജു എന്നിവർ സംബന്ധിച്ചു.

സ്വീറ്റ് മദീന ഗ്രാന്റ് പ്രോഗ്രാം ഇന്ന് തുടങ്ങും

കണ്ണൂർ:ഇരിണാവ് മടക്കരയിൽ പ്രവർത്തിച്ചു വരുന്ന അൽ-മദീന ലിദ്ദഅവ്വത്തുൽ ഇസ്ലാമിയയുടെ വാർഷിക പരിപാടിയായ സ്വീറ്റ് മദീന ഗ്രാന്റ് പ്രോഗ്രാം ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഉച്ചയ്ക്ക്ക്ക് ശേഷം മടക്കര മഖാം സിയാറത്തോടു കൂടി പരിപാടിക്ക് തുടക്കമാകും.വൈകീട്ട് 3 ന് ഇസ്ലാമിക സ്റ്റഡി സെന്റർ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ കാര്യദർശിനി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാ‌ർ നാടിന് സമർപ്പിക്കും.കെ.പി.അബൂബക്കർ മുസ്ലിയാ‌ർ പട്ടുവം അദ്ധ്യക്ഷത വഹിക്കും.തുടർന്ന് വൈകീട്ട് 6 ന് നടക്കുന്ന സ്വീറ്റ് മദീന ഗ്രാന്റ് പ്രോഗ്രാമിന് സയ്യിദ് അസ്ലം ജിഫ്രി തങ്ങൾ പ്രാർത്ഥന നടത്തും.വാർത്താ സമ്മേളനത്തിൽ സയ്യിദ് സൂബൈൽ തങ്ങൾ മടക്കര,എൻ.പി.അബ്ദുൾ ജബ്ബാർ,ഹാരിസ് അബ്ദുൽ ഹാജി ഖാദർ,മഹമ്മദലി മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.