കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.ഡി.എയിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ എൻ.ഡി.എ വിശ്വാസികൾക്കൊപ്പം തന്നെയാണെന്നും അതേ നില തുടരുമെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് രഥയാത്ര ശബരിമലയിലേക്ക് നടത്താതെ പത്തനംതിട്ടയിൽ അവസാനിപ്പിച്ചത്.
ബി.ജെ.പി നേതാക്കൾ പമ്പയിലും നിലയ്ക്കലിലും സമരം നടത്തിയല്ലോയെന്ന ചോദ്യത്തിന് സമരം ചെയ്തിട്ടില്ലെന്നും കറുപ്പ് മുണ്ടുടുത്ത് മാലയിട്ടവരെ പൊലീസ് അറസ്റ്റുചെയ്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും തുഷാർ പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നിയന്ത്രണം മാത്രമാണുള്ളത്. നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിൽ നിന്നുണ്ടായത്. പൊലീസിനെ ഉപയോഗിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയത്. ബി.ഡി.ജെ.എസിന് മുന്നണിയെ കുറിച്ച് ഒരു പരാതിയുമില്ല. തങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചല്ല എൻ.ഡി.എയുടെ ഘടകകക്ഷിയായതെന്നും തുഷാർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ജില്ലാ പ്രസിഡന്റ് വി.പി. ദാസൻ എന്നിവരും തുഷാറിനൊപ്പമുണ്ടായിരുന്നു.