കാസർകോട്: മുള്ളൻപന്നിയെ പിടികൂടാൻ ഗുഹയിൽ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബായാർ ധർമ്മത്തടുക്ക ബാളികയിലെ നാരായണ നായിക് എന്ന രമേശ് (35) ആണ് മരിച്ചത്. 20 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെ തുരങ്കനിർമാണ തൊഴിലാളികളുടെ സഹായത്തോടെയാണ് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്.
അകത്തുണ്ടായിരുന്ന മൂന്ന് വലിയ മുള്ളൻ പന്നികളെയും പുറത്തെടുത്തു. ഇതിൽ രണ്ടെണ്ണം ചത്തിരുന്നു. മറ്റൊന്ന് ജീവച്ഛവമായ നിലയിലായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അഞ്ചംഗസംഘം മുള്ളൻപന്നിയെ പിടികൂടാൻ ഗുഹാ കവാടത്തിലെത്തിയത്. രമേശ് ആദ്യം ഗുഹയ്ക്കകത്ത് പ്രവേശിക്കുകയും മറ്റുള്ളവർ പിന്നാലെ നീങ്ങുകയും ചെയ്തു. ഗുഹയുടെ പാതിവഴിയിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാൾ പുറത്തുകടക്കുകയും നാട്ടുകാരെയും പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു. ഉപ്പള, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സെത്തി മൂന്നു പേരെ പുറത്തെത്തിച്ചു. എന്നാൽ രമേശിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്നാണ് തുരങ്ക നിർമ്മാണ തൊഴിലാളികളുടെ സഹായം തേടിയത്.
അമ്പതുമീറ്ററോളം ഉള്ളിലേക്ക് പോയ യുവാവ് അകത്ത് ചെളിമണ്ണിൽ കുടുങ്ങുകയായിരുന്നു. തലയും ശരീരത്തിന്റെ അരയോളം വരുന്ന ഭാഗവും മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു രമേശിന്റെ മൃതദേഹം. മണ്ണിടിഞ്ഞ് ദേഹത്ത് വീണിരിക്കാമെന്നും കരുതുന്നു.
ഉപ്പള ഫയർഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫിസർ അജികുമാർ ബാബു, കാസർകോട് ഫയർഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫീസർ പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം തഹസിൽദാർ സക്കീർ ഹുസൈൻ, ബദിയടുക്ക എസ്.ഐ മെൽവിൻ ജോസ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രമേശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സുബ്ബ നായക് - ലളിത ദമ്പതികളുടെ മകനാണ് രമേശ്. കൂലിപ്പണിക്കാരനാണ്. ഭാര്യ: ഗായത്രി. മക്കൾ: ചേതൻ, ചൈത്ര, പവൻ.