ചക്കരക്കൽ: എൻ ആർ സ്മൃതി സന്ധ്യയും പുരസ്‌ക്കാര സമർപ്പണവും ഇന്ന് വൈകുന്നേരം ചക്കരക്കൽ ടൗണിൽ വച്ച് നടക്കും. ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയും എൻ ആർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം കെ എസ്.ശബരീനാഥൻ എം.എൽ.എക്കും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് മമ്പറം ദിവാകരനും സമ്മേളനത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകൻ നല്കും.ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ, സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, വി .എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, അമൃതാ രാമകൃഷ്ണൻ, കെ കെ.ജയരാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ കെ .കെ.ജയരാജൻ , എൻ. പി.ശ്രീധരൻ, കൂടാളി ശ്രീധരൻ, കെ.ഒ.സുരേന്ദ്രൻ, കെ പി .രമേശൻ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസ് പരിശോധനയ്ക്കിടെ നാടൻ ബോംബുകൾ പിടികൂടി
പാനൂർ: മൊകേരി മുത്താറി പീടികക്ക് സമീപം പൊലീസ് നടത്തിയ റെയ്ഡിൽ ബോംബ് പിടികൂടി. മുത്താറി പീടിക ചെണ്ടയാട് റോഡിലെ കൊപ്ര മില്ലിന് സമീപത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ നിന്നാണ് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തത്.
പാനൂർ സി.ഐ വി.വി ബെന്നിയുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് നടത്തിയ റെയ്ഡ് നടത്തിയത്. മേഖലയിലെ പല കേന്ദ്രങ്ങളിലും ആയുധങ്ങൾക്കും സ്‌ഫോടക വസ്തുക്കൾക്കുമായുള്ള പരിശോധന തുടരുകയാണ്. വിവിധ കാലങ്ങളിൽ കൊല്ലപ്പെട്ട സി.പി.എം,ബി.ജെ.പി പ്രവർത്തകരുടെ ദിനാചരണങ്ങൾ ആരംഭിക്കാനിരിക്കെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
ജിമ്മി ജോർജിനെ അനുസ്മരിച്ചു
പേരാവൂർ: വോളിബോൾ രംഗത്തെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ മുപ്പത്തിയൊന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാഡമി, ജിമ്മി ജോർജ് ഫൗണ്ടേഷൻ, ജിമ്മി ജോർജ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജിമ്മി ജോർജ് അനുസ്മരണവും വോളിബാൾ പ്രദർശനവും തുണ്ടി ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാഡമി ഗ്രൗണ്ടിൽ നടന്നു.
തുണ്ടിയിൽ സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്തി ഉറങ്ങുന്ന ശവകുടീരത്തിൽ ഫൊറോന വികാരി ഫാ.തോമസ് കൊച്ചുകരോട്ടിന്റെ പ്രാർത്ഥനയോടെ പേരാവൂർ എം. എൽ .എ അഡ്വ.സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരും സ്‌പോർട്‌സ് അക്കാഡമിയിലെ വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ പരിപാടിയിൽ ജിമ്മിയുടെ സഹോദരൻ സെബാസ്റ്റ്യൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ അഡ്വ.സണ്ണി ജോസഫ്, ഫാ.ഡോ.തോമസ് കൊച്ചുകരോട്ട്, പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു, ഷൈനി ബ്രിട്ടോ, മുഹമ്മദ്, ബാലൻ നമ്പ്യാർ, കെ.എ.ലത്തീഫ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.സ്‌പോർട്‌സ് അക്കാഡമി കോച്ച് കെ.ജെ.സെബാസ്റ്റ്യനെ സ്‌പോപോർട്‌സ് അക്കാദമിയിലെ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വോളിബോൾ പ്രദർശന മത്സരങ്ങൾ നടന്നു.
ആർ.എസ്.എസ്. പ്രവർത്തകനെ ആക്രമിച്ച കേസിൽ സി.പി.എം.പ്രവർത്തകർക്ക് തടവ്
തലശ്ശേരി: ഇരിണാവ് കൂർമ്പക്കാവിൽ ഉത്സവം കണ്ട് തിരികെ പോവുകയായിരുന്ന പാപ്പിനിശ്ശേരിയിലെ ആർ.എസ്.എസ്. പ്രവർത്തകൻ പുത്തൻവീട്ടിൽ പ്രവീണിനെ (28 ) ഇരുമ്പ് വടി, മരവടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചുവെന്ന കേസിൽ പ്രതികളായ എട്ട് സി.പി.എം.പ്രവർത്തകരെ തലശ്ശേരി അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.ജി. അനിൽ തടവിനും കാൽ ലക്ഷം വീതം പിഴയടക്കാനും ശിക്ഷിച്ചു.
ഒന്നാം പ്രതി പാപ്പിനിശ്ശേരിയിലെ കോരമ്പത്ത് വീട്ടിൽ പി.വി.സുകേഷിനെ 3 വർഷവും 10 മാസവും തടവിനും 25,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.പിഴയടക്കുന്നില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.' രണ്ട് മുതൽ അഞ്ച് വരെയും ഏഴ് മുതൽ ഒമ്പത് വരെയുമുള്ള പ്രതികളായ കല്യാശ്ശേരി മാങ്ങാട്ടെ കെ.വി.ജിതിൻ, പി.ഷിജു,, ഇരിണാവിലെ അനൂപ്, പടിഞ്ഞാറെ പുരയിൽ ഷാജി ർ, പി.വി.വിജേഷ്, പാക്കൻ വീട്ടിൽ വിപിൻ, കെ.വി.മേശൻ ' എന്നിവർക്ക് മൂന്ന് വർഷവും 4 മാസവുമാണ് തടവ്.ഇവർ ഓരോരുത്തരും 25,000 വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. കേസിലെ ആറാം പ്രതി കല്യാശ്ശേരിയിലെ പടിഞ്ഞാറെ പുരയിൽ ഷംനാദ് വിചാരണക്ക് ഹാജരാവാത്തതിനാൽ ഇയാളുടെ പേരിലുള്ള കുറ്റം പിന്നീട് വിചാരണ ചെയ്യും. 2010 മാർച്ച് 6 ന് രാത്രി 1130നായിരുന്നു സംഭവം. കണ്ണപുരം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
കെ.ടി. ജയകൃഷണൻ ബലിദാന ദിനം ഇന്ന് ശ്രീകണ്ഠപുരത്ത്
ശ്രീകണ്ഠപുരം: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണൻ ബലിദാന ദിനം ഇന്ന് ശ്രീകണ്ഠപുരത്ത് നടക്കും.10000 പേർ പങ്കെടുക്കുന്ന റാലി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളായി എ.യു.പി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും.
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ രാജൻ നഗറിൽ പൊതു സമ്മേളനം ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി.പി. രാജീവൻ അദ്ധ്യക്ഷത വഹിക്കും. യുവമോർച്ച ദേശയ സെക്രട്ടറി അഭിജിത്ത് മിശ്ര മുഖ്യ പ്രഭാഷണം നടത്തും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു ,ബി.ജെ.പി ദേശീയ നിർവ്വഹ കസമിതി സമിതി അംഗം സി.കെ പത്മനാഭൻ, കെ. രഞ്ജിത്ത്, പി. സത്യപ്രകാശ് തുടങ്ങിയവർ സംസാരിക്കും.
ജ്യോതിഷ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം
കണ്ണൂർ: പടന്നപ്പാലം ജ്യോതിഷ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ബബിനേഷ് പള്ളിക്കുന്ന്, , നിഖിൽ ചണ്ണു ചാലാട് , റിജിൻ രാജ് , ഷഹൻ രാജ് , വിനീഷ് തെക്കൻ മണൽ , വിമൽരാജ് ചാലാട് , ടോണി ചില്ലിക്കുന്ന് ചാലാട് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത് പ്രതികൾ സി.പി.എം പ്രവർത്തകരാണ്. കൊല്ലപ്പെട്ട ജോതിഷ് ബി.ജെ.പി പ്രവർത്തകനാണ്.സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമായിരുന്നില്ല.
ബ്രാഞ്ച് സമ്മേളനം
കണ്ണൂർ:കെ.പി.എസ്.ടി.എ എളയാവൂർ ബ്രാഞ്ച് സമ്മേളനം കണ്ണൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മഹേഷ് ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.പി.കെ സഹീർ അദ്ധ്യക്ഷത വഹിച്ചു. . യു കെ ബാലചന്ദ്രൻ ,ടി.സുരേശൻ, എ.പ്രകാശൻ, അബ്ദുറഹിമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ സെക്രട്ടറി കെ.പി നിഖിൽ സ്വാഗതവും അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു സെക്രട്ടറിയായി കെ.പി നിഖിലിനെയും, പ്രസിഡണ്ടായി അബ്ദുൾ ജബ്ബാറിനെയും യോഗം തെരഞ്ഞെടുത്തു.
കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കും
കൂത്തുപറമ്പ് :ബസ്സ് സ്റ്റാൻഡിൽ പുതുതായി നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ ഡിസംബർ ആദ്യവാരത്തോടെ ജനങ്ങൾക്ക് തുറന്ന് കൊടുക്കും. 47 ലക്ഷത്തോളം രൂപ ചിലവിലാണ് രണ്ട് നിലകളിലായുള്ള ശൗചാലയം നിർമ്മിച്ചിട്ടുള്ളത്.
കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിലവിലുള്ള പൊതു ശൗചാലയം അസൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന സാഹചര്യത്തിലാണ് പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. ആദ്യകാലത്തുണ്ടായിരുന്ന ശൗചാലയം പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയത് നിർമ്മിച്ചത്. 47 ലക്ഷത്തോളം രൂപ ചിലവിൽ ഇരുനിലകളിലായാണ് ശ്യചാലയം നിർമ്മിച്ചിട്ടുള്ളത്. താഴെ നില സ്ത്രീകൾക്കും മുകൾഭാഗം പുരുഷൻന്മാർക്കും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് നീക്കിവച്ചിട്ടുള്ളത്. ഒരേ സമയം പത്തിലേറെപ്പേർക്ക് ഉപയോഗിക്കാനുള്ള സൗകര്യം പുതിയ കംഫർട്ട് സ്റ്റേഷന്റെ ഇരു നിലകളിലുമുണ്ട്.
കണ്ണവം വെളുമ്പത്ത് ഉറൂസിന് ഇന്ന് തുടക്കം
കൂത്തുപറമ്പ്: ചരിത്രപ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് ഇന്ന് രാവിലെ വളപട്ടണം സയ്യിദ്മശ്ഹൂർ ഇബ്രാഹിം കോയക്കുട്ടി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെതുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ നടക്കുന്ന മതവിജ്ഞാന സദസ്സ് കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാരും ഉച്ചക്ക് 2.30 ന് നടക്കുന്ന സൗഹൃദ സംഗമം അഡ്വ.സണ്ണി ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ഉത്തരമേഖലാ ഡി.ജി.പി.ബൽറാം കുമാർ ഉപാധ്യായ അവാർഡ് ദാനം നിർവ്വഹിക്കും. 3ന് ഉച്ചക്ക് 2.30 ന് നടക്കുന്ന ഹാപ്പി കൗൺസിലിംഗ് പ്രോഗ്രാം മന്ത്രി ഇ.പി.ജയരാജനും തുടർന്ന് നടക്കുന്ന ആത്മീയ സംഗമം സയ്യദ് മുഹമ്മദ് ജിഫ്രി മുത്തകോയ തങ്ങളും ഉദ്ഘാനം ചെയ്യും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കും. തുടർന്ന് അന്നദാനവും നടക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എ.ടി.അലി ഹാജി, സി.കെ.യൂസഫ് ഹാജി, അഷറഫ് ഹാജി കൂടൽ, പി.കെ.അബ്ബാസ് എന്നിവർ പങ്കെടുത്തു.
സൗജന്യ കായികോപകരണ വിതരണം
തലശ്ശേരി:വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരിസിറ്റി യുടെ ആഭിമുഖ്യത്തിൽ. മുഴപ്പിലങ്ങാട് സൗത്ത് യു. പി. സ്‌കൂളിൽ സൗജന്യ കായികോപകരണ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. പി. ഹാബിസ് നിർവഹിക്കുന്നു
തലശ്ശേരി:വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റി യുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് സൗത്ത് യു. പി. സ്‌കൂളിൽ സൗജന്യ കായികോപകരണ വിതരണോത്ഘാടനം മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ഹാബിസ് നിർവഹിച്ചു. വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റി പ്രസിഡന്റ് ഉസീബ് ഉമ്മലിൽ അദ്ധ്യക്ഷനായിരുന്നു. ടി. കെ. ഉത്തമൻ, ജുബൈർ പി. കെ. ജംഷീദ് സി ഒ ടി. അഷ്‌റഫ് സ്വാദ്. ടി. വി. റോജ. ലത ഇ പി എന്നിവർ സംസാരിച്ചു. ഹമീദ്. കെ സ്വാഗതവും രഞ്ജിത്ത് രാഘവൻ നന്ദിയും പറഞ്ഞു