കാസർകോട്: ബംബ്രാണ ഉൾവാറിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി അനധികൃതമായി മണൽകടത്തുകയായിരുന്ന ആറുവള്ളങ്ങൾ പിടികൂടി ജെ.സി.ബി ഉപയോഗിച്ചു നശിപ്പിച്ചു. ജില്ലാ കളക്ടറെയും സംഘത്തെയും കണ്ടു വള്ളങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവരെ 15 ദിവസത്തിനകം അറസ്റ്റുചെയ്തു ഹാജരാക്കുവാൻ കുമ്പള എസ്.ഐയോട് ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ഉൾവാർ കടവിൽ നിന്നും അനധികൃതമായി മണൽകടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ കളക്ടറെ കണ്ടതും വള്ളങ്ങളിൽ മണൽനിറച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന ഇതര സംസ്ഥാനക്കാരായ 11 പേർ വള്ളങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടരുവാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. എന്നാൽ ഇവരുടെ മൊബൈൽഫോണുകൾ, തിരിച്ചറിയൽ രേഖകൾ, മണൽകടത്തുമായി ബന്ധപ്പെട്ട കണക്കു പുസ്തകം എന്നിവ കളക്ടർ പിടിച്ചെടുത്തു.
ദിവസവും ലോഡ് കണക്കിനു മണലാണ് ഇവിടെനിന്നും കടത്തുന്നതെന്നു ജില്ലാ കളക്ടർ പറഞ്ഞു. ചുരുങ്ങിയത് എട്ടു ലോഡ് മണലുകൾ ദിവസവും കടത്തുന്നുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉൾകൊള്ളുന്ന കണക്ക് പുസ്തകം ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തവയിലുണ്ട്.
ഉത്തർപ്രദേശുകാരായ രവിശങ്കർ, ശ്യാം ദുലാർ, ദർവാൻ, സാജൻ, ജബ്നാദ്, നസിം, ഖേദൻ, ബിഭവ്, രാംകുമാർ, ജിതേന്ദ്രർ, കേസരി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെയും ഇവർക്കു സഹായം ചെയ്തവരെയും അറസ്റ്റ് ചെയ്യുവാനാണ് കുമ്പള എസ്.ഐയോട് കളക്ടർ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കളക്ടർക്കൊപ്പം കാസർകോട് ആർ.ഡി.ഒ അബ്ദു സമദ്, മഞ്ചേശ്വരം തഹസിൽദാർ സക്കീർ ഹുസൈൻ, വില്ലേജ് ഓഫീസർ കീർത്തന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.