കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളും എൽ.ഡി.എഫ് നിലനിർത്തി. ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡ് ബീംബുങ്കാൽ, കയ്യൂർ-ചീമേനി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചെറിയാക്കര എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്.
ബേഡഡുക്ക പഞ്ചായത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബീംബുങ്കാലിൽ സി.പി.എമ്മിലെ ബിജു തായൽ ആണ് വിജയിച്ചത്. 543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ മാടക്കലിനെയാണ് ബിജു പരാജയപ്പെടുത്തിയത്. കുഞ്ഞികൃഷ്ണന് 185 വോട്ടും, ബി.ജെ.പി യിലെ സദാശിവൻ ചേരിപ്പാടിക്ക് 143 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 231 വോട്ടും കോൺഗ്രസിന് 86 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പിയെ പിന്തള്ളി കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ സി.പി.എമ്മിന് ഈ വാർഡിൽ വോട്ട് കുറഞ്ഞിട്ടുണ്ട്.
കയ്യൂർ ചീമേനി പഞ്ചായത്തിലെ ചെറിയാക്കരയിൽ സി.പി.എമ്മിലെ പി. ഇന്ദിര 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 657 വോട്ടുകളാണ് ഇന്ദിര നേടിയത്. യു.ഡി.എഫിന്റെ കെ. പ്രിയ 357 വോട്ട് നേടി.