colony
ദുരിതത്തിൽകേലാട്ട്കുന്ന് കോളനിവാസികൾ

കോഴിക്കോട്:റേഷൻകാർഡില്ല, ആധാറുമില്ല എന്തിന് വെള്ളവും വെളിച്ചവുമില്ല. ഞങ്ങളും മനുഷ്യരല്ലേ.. ഞങ്ങൾക്കുമില്ലേ ജീവിക്കാനുള്ള അവകാശം. കേലാട്ട്കുന്ന് കോളനിവാസികൾ ചോദിക്കുന്നു. 18 കുടുംബങ്ങളാണ് പൊറ്റമ്മൽ കേലാട്ട്കുന്ന് കോളനിയിൽ താമസിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമാണ് ഇത്. താമസക്കാർ പലരും ഇവിടെ എത്തിയിട്ട് ഇരുപത്തഞ്ചിലേറെ വർഷങ്ങളായി.

വെളിച്ചത്തിന് ഡീസൽ വാങ്ങി വിളക്കിലൊഴിച്ച് കത്തിക്കും.

കോളനിയുടെ ഒരു വശത്ത് കാട് ആയതിനാൽസന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയില്ല.

റേഷൻ കാർഡില്ലാത്തതിനാൽ അരി വരെ വലിയ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥ.

ഇരുചക്ര വാഹനങ്ങൾ പോലും കടക്കാത്ത ഇടുങ്ങിയ വഴിയാണ് കോളനിയിലേക്കുള്ളത്. ആർക്കെങ്കിലും അസുഖം വന്നാൽ റോഡ് വരെ എടുത്തുകൊണ്ടു പോകണം. ആകെയുള്ള ഒരു കിണർ കോളനിക്ക് പുറത്ത് റോഡരികിലാണ്. മൂന്നായി തിരിച്ചിരിക്കുന്ന കിണറിന്റെ ഒരു വശത്തു നിന്ന് വേണം വെള്ളം കോരിയെടുക്കാൻ. വീട്ടിലേക്ക് ആവശ്യമായ വെള്ളം ഇവിടുന്ന് ചുമന്ന് കൊണ്ടുപോവണം. വേനൽക്കാലമായാൽ കിണറിലെ വെള്ളം കുറയും. രാത്രി ഉറങ്ങാതിരുന്ന് വീട്ടുകാർ ഊഴമൊപ്പിച്ച് വെള്ളം കോരിയെടുക്കുകയാണ് പതിവ്.

പൈപ്പ് വെള്ളം ഉണ്ട്. 2000 ലിറ്റർ വെള്ളത്തിന് 600 രൂപയാണ് വില. കൂലിപ്പണിക്കാരായ ഇവർക്ക് അത് താങ്ങാനാവില്ല.

ഷീറ്റും ഫ്ളക്സും ഉപയോഗിച്ച കുടിലുകളാണ് മിക്കതും. തുണികൊണ്ട് മറച്ച കക്കൂസ് .
തൊണ്ടയാട് ബൈപ്പാസ് നിർമാണത്തിനുവേണ്ടി കിടപ്പാടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന 70 കാരി കാളിയമ്മയാണ് ഇവിടുത്തെ ആദ്യ താമസക്കാരി. ഇവർക്കും രോഗിയായ ഭർത്താവ് അപ്പുക്കുട്ടനും ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. വീട്ടുപണിയും കൂലിപ്പണിയും ചെയ്താണ് കോളനിക്കാർ ജീവിക്കുന്നത്. സ്ത്രീകളിൽ ചിലർ കുടുംബശ്രീയുടെ ഖര മാലിന്യ തൊഴിലാളികളായും പ്രവർത്തിക്കുന്നു. ജാതി സർട്ടിഫിക്കറ്റുകളൊന്നുമില്ലാത്തതിനാൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുമാവില്ല

. മാർച്ചും സമരവുമായി കളക്ടറേറ്റ് മുതൽ തിരുവനന്തപുരം വരെ പോയെങ്കിലും അധികാരികൾ കനിഞ്ഞില്ല.

''വലിയ വാർപ്പിട്ട വീടൊന്നും ഞങ്ങൾക്ക് വേണമെന്നില്ല. ഈ ഉള്ളിടത്തെങ്കിലും വെള്ളവും വൈദ്യുതിയും കിട്ടിയാൽ വലിയ സഹായമാവും''.

- സജിത (കോളനിവാസി)

കോർപ്പറേഷനിൽനിന്ന് ആരോഗ്യ പ്രവർത്തകർ തിരിഞ്ഞ് നോക്കാറില്ല.

കക്കൂസും കുളിമുറിയും നിർമിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി

പോയവരെ പിന്നീട് കണ്ടിട്ടില്ല.

സന്ധ്യ കഴിഞ്ഞാൽകുറുക്കൻമാരുടെ വിളയാട്ടം

വീടിനകത്ത് ഇഴജന്തുക്കളുടെ ശല്യം