കോഴിക്കോട്: രണ്ട് പെൺകുട്ടികളേയും ചേർത്ത് പിടിച്ച് മുരളീധരനുംഷൈമയുംക്ളാസ് മുറിയിൽഒതുങ്ങി കഴിയാൻ തുടങ്ങിയിട്ട് മാസം മൂന്നായി.കടൽ എല്ലാം കൊണ്ടുപോയി.സ്‌കൂൾ ആയതിനാൽ പകൽ സമയങ്ങളിൽ മുറിക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.വൈകുന്നേരം വരെ മുറിയടച്ച് അകത്തിരിക്കും.രാത്രിയായി കഴിഞ്ഞാൽ പിന്നെ കൊതുകുശല്യമാണ് .കൊതുക് കടി കാരണം കിടന്നുറങ്ങാനും കഴിയാറില്ല.വസ്ത്രം മാറാൻ വരെ സൗകര്യമില്ല. കടൽക്ഷോഭത്തിൽ വീട് നഷ്ട്ടപ്പെട്ട് വെസ്റ്റിഹിൽ ചുങ്കം ജി.യു.പി സ്‌കൂളിലെ ക്ലാസ്സ് മുറിയിൽ കഴിയുകയാണ് മുരളീധരൻന്റെയും ഹെലൻ പ്രേമലതയുടെയും കുടുംബങ്ങൾ. ഒറ്റമുറിയിലാണ് ഇരുകുടുംബങ്ങളുടേയും താമസം..മത്സ്യതൊഴിലാളിയായ മുരളീധരൻ രണ്ട് വർഷമായി നെഞ്ച് വേദനയെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.ഇടയ്ക്ക് വിറക് മുറിക്കുന്ന ജോലിക്കു പോകും.വിദ്യാർത്ഥികളാണ് ശയനയും ശരണ്യയും .തിരിച്ചുപോകാൻ വേറെ ഒരിടവുമില്ല.ബന്ധുക്കളുടെ വീട്ടിൽ എത്ര ദിവസം കഴിയാനാകും.വസ്ത്രം മാറാൻ വരെ മുറിയിൽ സൗകര്യമില്ല. ഈ രണ്ട് പെൺകുട്ടികളെയും കൊണ്ട് ഇനി എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ലെന്ന് മുരളീധരൻ .
കടൽക്ഷോഭത്തിൽ പെട്ട വീട് നഷ്ട്ടപ്പെട്ട ഹെലന്റെയും സ്ഥിതി വ്യത്യസ്തമല്ല.കയറി കിടക്കാൻ മറ്റൊരിടവുമില്ല.ഹെലനു രണ്ട് ആൺകുട്ടികളാണ് നിഖിലും നിധിനും .ഇതിൽ മൂത്തമകൻ മത്സ്യ ബന്ധന തൊഴിലാളിയാണ് .മകന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.സർക്കാറിൽ നിന്നുള്ള യാതൊരു വിധ സഹായവും രണ്ട് കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ല.
ജൂലൈ പതിനെട്ടിലെ ശക്തമായ കാറ്റിലും മഴയിലും കടൽ ക്ഷോഭത്തിലും പെട്ടാണ് ഈ രണ്ട് കുടുംബങ്ങളുടേയും വീട് പുർണ്ണമായും നഷ്ട്ടപ്പെട്ടത്. തിരയടിക്കുമ്പോൾ വീടിനകത്തുണ്ടായിരുന്ന ഷൈമ ഓടി രക്ഷപ്പെടുകയായിരുന്നു.റവന്യൂ ഉദ്യോഗസ്ഥരാണ് അന്ന് വെസ്റ്റിഹിൽ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. അന്ന് പത്തോളം കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. പിന്നീട് അവരെല്ലാം വീടുകളിലേക്ക് മടങ്ങി പോയി.ഈ രണ്ട് കുടുംബം മാത്രം പോകാൻ ഇടമില്ലാത്തതിനാൽ സ്‌കൂളിൽ തന്നെ താമസിച്ചു.ഇവിടെ വന്നതിനുശേഷം പത്ത് ദിവസത്തോളം അധികൃതർ ഭക്ഷണം നൽകിയിരുന്നു പിന്നീട് അതും നിന്നു. വീട്ടുപകരണങ്ങളിൽ പലതും കടലെടുത്തു.അവശേഷിക്കുന്നത് ഈ മുറിയിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.സ്‌കൂളിൽ നിന്ന് ലഭിച്ച ബഞ്ചാണ് കട്ടിലായി ഉപയോഗിക്കുന്നത്.ജയിലിൽ കിടക്കുന്നതിനേക്കാൾ കഷ്ടമാണിവിടെ .ജയിലിലാകുമ്പോൾ മുന്ന് നേരം ഭക്ഷണമെങ്കിലും ലഭിക്കും ഇവിടെ പല ദിവസങ്ങളിലും പട്ടിണിയാണ് -മുരളീധരൻപറയുന്നു
. രണ്ടാഴ്ച്ചകൊണ്ട് മാറും എന്ന് വ്യവസ്ഥയിലാണ് താത്കാലികമായി സ്‌കൂളിൽ ക്യാമ്പ് സൗകര്യം ഒരുക്കിയത്.എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും താമസകാര്യത്തിൽ യാതൊരുവിധ തീരുമാനവും ഉണ്ടായിട്ടില്ല.