വടകര: ചോമ്പാൽപൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണംതുടർക്കഥയായി.കുഞ്ഞിപ്പളളി, ചോമ്പാൽ, അഴിയൂർ,ഹാർബർ, മടപ്പള്ളി, കണ്ണൂക്കര, ഒഞ്ചിയം പ്രദേശങ്ങളിൽ മോഷ്ടാക്കൾ അഴിഞ്ഞാടുകയാണ്. ചൊവ്വാഴ്ച രാത്രിഅഞ്ചാംപീടിക ജുമാ മസ്ജിദിന് സമീപത്തെ കുയ്യാലിൽ പവിത്രന്റെ വീടിന് മുന്നിൽ നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോയിൽ അതേ വീട്ടിലെ നാലു വയസുള്ള പശുവിനേയും കിടാവിനേയും കടത്തിക്കൊണ്ടുപോയി. പവിത്രന്റെ വീടിന് മുന്നിൽ നിർത്തിയ തയ്യിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള കെഎൽ 18എഫ് 8274 എയ്‌സ് ഗുഡ്‌സ് ഓട്ടോയിലാണ് കടത്തിക്കൊണ്ടുപോയത്. മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന പാസഞ്ചർ ഓട്ടോറിക്ഷ വീടിന് സമീപം കണ്ടെത്തിയിട്ടുണ്ട്. തലശേരി സ്വദേശിയുടേതാണ് ഈ വാഹനം. മോഷണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഇവർ ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കാണാം. കഴിഞ്ഞ ദിവസം അഴിയൂർ ചുങ്കത്ത് ടി.എൻ സ്റ്റോർസ് എന്ന സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞാഴ്ച ഒരു വീട്ടിൽകയറിയമോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.

കുറഞ്ഞവിലയ്ക്ക് മാഹിയിൽ മദ്യം വാങ്ങാനെത്തുന്നവരാണ് സമീപ പ്രദേശങ്ങളിൽ കുറ്റ കൃത്യങ്ങളിലേക്ക് തിരിയുന്നതെന്ന് കരുതുന്നു. മാഹി പ്രദേശത്ത് കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ പോണ്ടിച്ചേരി കോടതിയിൽ ഹാജരാവണം .അതിനാൽ ചോമ്പാൽ പരിധിയിൽ ഇത്തരക്കാർ വിലസുകയാണ്. മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അജ്ഞാത ജഡങ്ങൾ കണ്ടെത്തുന്നതും പതിവായി. മാഹി റെയിൽവെ സ്റ്റേഷൻ പരിസരവും ചോമ്പാൽ പൊലീ സ് റ്റേഷൻ പരിധിയിലാണ്.ദേശീയ പാത ഹാർബർ പരിസരം എന്നിവ കേന്ദ്രീകരിച്ച് വിദേശമദ്യം, വിവിധ തരം മയക്കുമരുന്ന് വിപണനം തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും പെരുകിയത് മൂലമാണ് എടച്ചേരി സ്റ്റേഷൻ വിഭജിച്ച് ചോമ്പാലിൽ പൊലീസ് സ്റ്റേഷൻ കൊണ്ടുവന്നത് . രാഷ്ട്രീയ സംഘർഷങ്ങൾക്കും ലഹരിവിപണനത്തിനും ഒരു പരിധി വരെ നിയന്ത്രണമായെങ്കിലും മോഷണത്തിന് അറുതിയില്ല. . കോടതി വിധിയെ തുടർന്ന് മാഹിയിൽ കുറഞ്ഞ കാലയളവിൽ മദ്യഷാപ്പുകൾ അടച്ചപ്പോൾ കുറ്റകൃത്യങ്ങൾ ഏറെ കുറഞ്ഞിരുന്നു.

പിന്നീട് അത് വർദ്ധിച്ചു.

അഴിയൂരിൽ മോഷണംരണ്ട് മാസത്തിനിടെ

പന്ത്രണ്ട് സ്ഥലങ്ങളിൽ

മാഹിയിൽ മദ്യം വാങ്ങാനെത്തുന്നവർ ചോമ്പാൽ കേന്ദ്രമാക്കുന്നു